ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി കണക്കാക്കുന്ന ഭോപ്പാൽ വാതക ദുരന്തത്തിലെ രക്ഷകരുടെ കഥ വെബ് സീരീസാക്കാൻ യാഷ് രാജ് ഫിലിംസ്. 'ദ റെയിൽവേ മെൻ' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ ആർ. മാധവൻ, കെ.കെ മേനോൻ, ദിവ്യേന്ദു ശർമ, ഇർഫാൻ ഖാന്‍റെ മകൻ ബാബിൽ ഖാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശിവ് റവാലി സംവിധാനം ചെയ്യുന്ന സീരീസിന്‍റെ ചിത്രീകരണം ഡിസംബർ ഒന്ന് മുതൽ ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷം ഡിസംബറിൽ ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ 'ദ റെയിവേ മെൻ' സ്ട്രീം ചെയ്യുന്നതായിരിക്കും.
1984 ഡിസംബർ രണ്ടിന് ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലാണ് വാതകദുരന്തമുണ്ടായത്. അന്ന് സ്വന്തം ജീവൻ പോലും വകവെക്കാതെ ആയിരക്കണക്കിന് ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്ന ഭോപ്പാൽ സ്റ്റേഷനിലെ റെയിൽവേ ജീവനക്കാർക്കുള്ള ആദരവായാണ് യാഷ് രാജ് ഫിലിംസ് 'റെയിൽവേ മെൻ' നിർമിക്കുന്നത്. 37 വർഷം മുമ്പ് ദുരന്തം നടന്ന അതേ ദിവസം തന്നെയാണ് സീരീസ് അവർ പ്രഖ്യാപിച്ചത്.