Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകറുത്തവന്റെയും...

കറുത്തവന്റെയും അവഗണിക്കപ്പെട്ടവന്റെയും വേദനയാണ് 'അറ്റെൻഷൻ പ്ലീസ്' - റിവ്യൂ 

text_fields
bookmark_border
Attention Please Movie Malayalam Review
cancel

വേദികളിലെ അരണ്ട വെളിച്ചത്തിൽ കെ പി എ സി നാടകം തുടങ്ങിയ കാലം. ഓരോ നാടകവും അധികാരത്തിന്റെ ജീർണ്ണതകളെ തുറന്നുകാട്ടി. സാമൂഹിക തിന്മകളെയും ജാതി ബോധത്തെയും മുനിഞ്ഞു കത്തുന്ന ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ വെല്ലുവിളിച്ചു. പുറത്ത് ഇരുട്ടിൽ നിൽക്കുന്ന മനുഷ്യന്റെ മനസ്സിൽ ആ ചിന്തകൾ തീപ്പന്തമായി ജ്വലിച്ചു. അവിടെയൊക്കെ കല സാംസ്‌കാരിക വിപ്ലവമായി. കാലത്തിനൊപ്പം സഞ്ചരിച്ച വേദികളിൽ അരണ്ട വെളിച്ചത്തിനുപകരം തെളിഞ്ഞ പ്രകാശം പരന്നു. വൈദേശീയർ നങ്കൂരം വലിച്ച് തിരികെപ്പോയി. ഇന്ത്യ സ്വതന്ത്രമായി.

വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ തലയുയർത്തി. കലയും പുതിയ കാലത്തിനൊപ്പം ഏറെ നവീകരിക്കപ്പെട്ടു. ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടങ്ങിയ സിനിമയുടെ യാത്ര നിറങ്ങളിലേക്ക് മാറി. മനുഷ്യനും സമൂഹവും അവന്റെ സ്വപ്നങ്ങളും അന്നും അവയിലൊക്കെ പ്രതിഫലിച്ചു. വൈകാതെ മഹാ ഭൂരിഭാഗം ചിത്രങ്ങളും സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടു. മനുഷ്യന്റെ ഹൃദയം തൊടാത്ത കെട്ടു കാഴ്ച്ചകൾ മാത്രമായി. മാറ്റിനിർത്തിയ നിറം അപ്പോഴും പുറത്തുതന്നെ.

അന്ന് രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗാന്ധിയുടെ ചിത്രം വന്നു. വലിയ ആഹ്ലാദ ആരവങ്ങളോടെ ചിത്രം സ്വീകരിക്കപ്പെട്ടു. എല്ലാ സ്വാതന്ത്ര സമര ധീരന്മാരും പലപ്പോഴായി ചിത്രത്തിൽ വന്നുപോയി. അപ്പോഴും കറുത്ത നിറമുള്ള മനുഷ്യരും അവരുടെ ചിന്തകളും അവിടെയും തഴയപ്പെട്ടു. കറുപ്പെന്ന പേരിൽ അന്നവർ മാറ്റിനിർത്തിയ ഒരു പേരാണ് ഡോ. ബി ആർ അംബേദ്കർ.

ജാതിയുടെ ഇരുട്ടിൽ ആണ്ടുപോയ ഇന്ത്യയെന്ന മഹാരാജ്യത്തിന് വെളിച്ചം പകരാൻ സാധിക്കുന്ന ചിത്രങ്ങൾ അന്ന് സംഭവിച്ചില്ല. പിൻകാലങ്ങളിലും ആ ചിന്തയുടെ പുറത്തുകടക്കാനുള്ള ശരീരം മഹാ ഭൂരിപക്ഷം ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാൾക്കും ഇല്ലായിരുന്നു. ഇന്നും കറുപ്പ് മാറ്റി നിർത്തപ്പെടേണ്ട നിറമാണെന്ന് ഭൂരിപക്ഷ സിനിമലോകവും വിശ്വസിക്കുന്നു. വളരെ സംഘടിതമായ പതിറ്റാണ്ടുകളുടെ ഗൂഡാലോചനയുണ്ട് ആ മാറ്റിനിർത്തലിന് പുറകിൽ.

സിനിമയുടെ പിൻ വഴികളിൽ ആഴത്തിൽ തറച്ചു കിടക്കുന്ന ജാതി ബോധത്തിന്റെ കൂരമ്പുകളെ കുറിച്ചാണ് 'അറ്റെൻഷൻ പ്ലീസ്' ചർച്ചചെയ്യുന്നത്. കറുത്തതിന്റെ പേരിൽ ഫ്രേമിന് പുറകിലേക്ക് മാറ്റി നിർത്തപ്പെട്ട പ്രതിഭകളെ ചിത്രം പ്രതിനിധാനം ചെയ്യുന്നു. കറുത്തവന്റെ അക്ഷരങ്ങൾക്ക് പോലും അവിടെ അയിത്തമാണ്. കഥയുമായി അലയുന്ന കറുത്ത തൊലിയുള്ള നായകൻ യഥാർത്ഥത്തിൽ ആ ജീർണ്ണ ബോധത്തിന്റെ ഇരയാണ്. അയാൾക്ക് സമൂഹത്തിൽ നിന്നും സിനിമാക്കാരിൽ നിന്നും ഏൽക്കേണ്ടി വരുന്ന വേദനയാണ് 'അറ്റെൻഷൻ പ്ലീസ്' എന്ന ചിത്രം.

വിഷ്ണു ഗോവിന്ദൻ വേഷമിട്ട ഹരിയെന്ന കഥാപാത്രമാണ് ചിത്രത്തിൻറെ നട്ടെല്ല്. കഥാകൃത്തായ ഹരിപറയുന്ന കഥകളിലൂടെയാണ് ചിത്രം ഒഴുകുന്നത്. ആറു കഥാപാത്രങ്ങളിലൂടെയാണ് അറ്റെൻഷൻ പ്ലീസ് ആദ്യാവസാനം സഞ്ചരിക്കുന്നത്. ഹരി പറയുന്ന കഥകളും അതൊക്കെയും പോസ്റ്റുമോർട്ടം ചെയ്യുന്ന സുഹൃത്തുക്കളുമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. വ്യത്യസ്ത ജാതിയിലും മതത്തിലും ഉൾപ്പെട്ട സുഹൃത്തുക്കൾ സമൂഹത്തിന്റെ പരിച്ഛേദമാണ്. ഹരി കറുത്തവന്റെയും മാറ്റിനിർത്തപ്പെട്ടവന്റെയും പ്രതിനിധിയും.

ഹരി പറയുന്ന കഥകളാണ് യഥാർത്ഥത്തിൽ ചിത്രത്തിലെ നായകനും വില്ലനും. ആ കഥകളോടുള്ള സുഹൃത്തുക്കളുടെ വിയോജിപ്പാണ് ആദ്യപകുതി. ആനന്ദ് മന്മഥൻ, ജിക്കി പോൾ, ജോബിൻ പോൾ, ശ്രീജിത്ത്, ആതിര കല്ലിങ്ങൽ എന്നിവരാണ് ഹരിയുടെ സുഹൃത്താക്കളായി വേഷമിട്ടവർ. അസാധ്യമായ വഴിയിലൂടെയുള്ള ഓട്ടമാണ് ചിത്രത്തിൻറെ അവസാന പകുതി. നെഞ്ചിടിപ്പുകൂട്ടും വിധം അത് ഗംഭീരമാക്കാൻ ആറുപേരും മത്സരിച്ച് അഭിനയിച്ചു. വളരെ പരിമിതമായ സ്ഥലം ഉപയോഗിച്ചുകൊണ്ടാണ് ഇത്രമേൽ വലിയ കണ്ടന്റ് പറഞ്ഞു തീർത്തത്. അതുകൊണ്ടതുതന്നെ ക്യാമറക്ക് പുറകിൽ നിന്ന ഓരോ മനുഷ്യരുടെയുംകൂടെ ചിത്രമാണ് അറ്റെൻഷൻ പ്ലീസ്.

കറുപ്പിന്റ ചാപ്പ പതിഞ്ഞ മനുഷ്യരുടെ ജീവിതമെഴുതി സംവിധാനം ചെയ്തത് ജിതിന്‍ ഐസക് തോമസാണ്. ഫിലിം ഫെസ്റിവലിലും ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ നിർമ്മാണത്തിന് പുറകിലുള്ള മനുഷ്യരും വലിയ കയ്യടി അർഹിക്കുന്നു. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ കാണിച്ച ധീരത പ്രശംസനീയമാണ്. അരികുവൽക്കരിക്കപ്പെട്ടതിന്റെ ലോകത്തുനിന്ന് പ്രതിഭകൾ വെളിച്ചം കാണുന്ന പുതിയ ചിത്രങ്ങൾ ഇനിയും സംഭവിക്കാനായി കാത്തിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReviewAttention Please movie
News Summary - Attention Please Movie Malayalam Review
Next Story