'അമ്മ അവസാനമായി ഒരൽപം വെള്ളത്തിനായി യാചിച്ചു, പക്ഷെ ഞാൻ കൊടുത്തില്ല, അമ്മ മരിച്ചശേഷം ഇന്നും അതെന്നെ വേട്ടയാടുന്നു' -അര്‍ഷദ് വാര്‍സി
text_fieldsഅർഷദ് വാർസി
തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അനുഭവം പങ്കുവെച്ച് നടൻ അർഷദ് വാർസി. 14ാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീടുള്ള ജീവിതം ഒരുപാട് വേദനകൾ നൽകി. എല്ലാം ഒറ്റക്ക് പൊരുതി നേരിട്ടു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഒരു ബോർഡിങ് സ്കൂളിലാണ് ചെലവഴിച്ചതെന്നും വീടിനെക്കുറിച്ചുള്ള ഓർമകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോൾ, 8ാം ക്ലാസിൽ ബോർഡിങ് സ്കൂളിൽ ചേർന്നതുമുതൽ കുടുംബത്തെക്കാൾ സ്കൂളിനെക്കുറിച്ചുള്ള ഓർമകളാണ് എനിക്ക് അധികവും' -അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്നെ വേട്ടയാടുന്ന ഹൃദയഭേദകമായ ഒരു അനുഭം അദ്ദേഹം പങ്കുവെച്ചു.
'എന്റെ അമ്മ നല്ല രുചിയായി ഭക്ഷണമൊക്കെ പാകം ചെയ്യുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. അമ്മയുടെ വൃക്ക തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്തിരുന്നു. രോഗം കൂടിയ അവസ്ഥയിൽ അമ്മക്ക് വെള്ളം കൊടുക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പക്ഷെ അമ്മ വെള്ളം ചോദിച്ചുകൊണ്ടിരുന്നു. ഞാൻ ഡോക്ടറുടെ നിർദേശം അനുസരിക്കുകയായിരുന്നു. മരിക്കുന്നതിന് തലേദിവസം രാത്രി ഞാൻ ബെഡിനരികിൽ ഇരിക്കുമ്പോൾ അമ്മ എന്നെ വിളിച്ചു വീണ്ടും വെള്ളം ചോദിക്കാൻ തുടങ്ങി. പക്ഷെ അമ്മ ഉറങ്ങിക്കോ എന്നു പറഞ്ഞ് ഞാൻ വെള്ളം നൽകിയില്ല. ആ രാത്രിയിൽ അമ്മ മരിച്ചു. ആ ദിവസം ഞാനും മരിച്ച പോലെ എനിക്കു തോന്നി' -നടൻ പറഞ്ഞു.
'ഞാൻ അന്ന് വെള്ളം കൊടുത്തിരുന്നെങ്കിൽ, അതിനുശേഷമാണ് അമ്മ മരിച്ചിരുന്നെങ്കിൽ എന്റെ ജീവിതകാലം മുഴുവൻ ഞാൻ വെള്ളം കൊടുത്തതുകൊണ്ടാണ് അമ്മ മരിച്ചതെന്ന് ഞാൻ കരുതുമായിരുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു ഞാൻ അമ്മക്ക് വെള്ളം കൊടുക്കേണ്ടതായിരുന്നു എന്ന്. അതെന്നെ വേട്ടയാടുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. ഡോക്ടർ പറഞ്ഞത് കേൾക്കാൻ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. ആ സമയത്ത് അതൊന്നും ചിന്തിക്കില്ല. ലഭിച്ച നിര്‍ദ്ദേശം പാലിക്കുക മാത്രമായിരുന്നു. ചില ജീവിതങ്ങൾ കാണുമ്പോള്‍ ചിലതിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലാകും' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

