അരൂർ സി.ഐ സിനിമാ കഥ എഴുതുകയാണ്
text_fieldsകാമറക്കടുത്ത് സുബ്രഹ്മണ്യൻ
അരൂർ: അരൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കഥയെഴുതുന്ന തിരക്കിൽകൂടിയാണ് ഇപ്പോൾ, അതും സിനിമാ കഥ. നടൻ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സിനിമ ചിത്രീകരണം ഉടൻ ആരംഭിക്കും.
അരൂർ പനശ്ചിക്കൽ വീട്ടിൽ സുകുമാര പിള്ളയുടെയും സരളമ്മയുടെയും പുത്രനായ സി.ഐ പി.എസ്. സുബ്രഹ്മണ്യൻ ഷോർട്ട് ഫിലിമുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിച്ചാണ് തിരക്കഥരംഗത്തേക്ക് എത്തിപ്പെട്ടത്.
കഥയുടെ ഉള്ളടക്കത്തിൽ തന്റെ സർവിസ് അനുഭവങ്ങൾ മാത്രമല്ല, ക്രൈം ത്രില്ലറിനു വേണ്ട ഭാവനയും ചേരുവകളും ഇഴചേർത്താണ് സസ്പെൻസ് ത്രില്ലർ ഒരുക്കുന്നത്.
അബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള ഉണ്ണി ഗോവിന്ദ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അലൻസിയർ, ജാഫർ ഇടുക്കി, സുധീഷ്, ചെമ്പിൽ അശോകൻ, വിനയപ്രസാദ്, ആശ അരവിന്ദ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ ഗോപീസുന്ദറാണ്. ടോബി ജോൺ എഡിറ്റിങ് നിർവഹിക്കും. ചിത്രീകരണം എറണാകുളം, തൊടുപുഴ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടക്കും.
പൊലീസ് വകുപ്പിൽനിന്ന് സിനിമരംഗത്തേക്ക് കടന്ന മുൻഗാമികളായ സിബി തോമസ്, മധുസൂദനൻ, ജഗന്നാഥ വർമ തുടങ്ങിയവരുടെയൊപ്പം നിൽക്കാനുള്ള കരുത്തുമായാണ് സുബ്രഹ്മണ്യൻ രംഗപ്രവേശം ചെയ്യുന്നത്. എറണാകുളം ഒബ്റോൺ മാളിനടുത്ത ശിവപാർവതി ക്ഷേത്രത്തിൽ ചിത്രത്തിന്റെ പൂജ നടന്നു. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.