കൈയിൽ കട്ടനുമായി ശ്യാമപ്രസാദ്, ദൂരെ മഞ്ജു വാര്യർ; മമ്മൂട്ടി കമ്പനിയുടെ ആദ്യത്തെ ഷോർട്ട് ഫിലിം പോസ്റ്റർ പുറത്ത്
text_fields'ആരോ'
മമ്മുട്ടി കമ്പനിയുടെ ആദ്യത്തെ ഷോർട്ട് ഫിലിം പോസ്റ്ററാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 'ആരോ' എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കൈയിൽ കട്ടൻ ചായയുമായി മഞ്ജുവാര്യറെ നോക്കി നിൽക്കുന്ന ശ്യാമ പ്രസാദും ദൂരെ നിന്ന് നടന്നു വരുന്ന മഞ്ജു വാര്യറുമാണ് പോസ്റ്ററിൽ.
ഇതിനോടകം തന്നെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പഴയ രഞ്ജിത്ത് സിനിമകളുടെ ഫീൽ ഇതിലുമുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. രഞ്ജിത്തിന്‍റെ ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ആരോ'. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം തയാറാക്കിയിരിക്കുന്നത്.
ശ്യാമ പ്രസാദ്, മഞ്ജുവാര്യർ എന്നിവരെക്കൂടാതെ അസീസ് നെടുമങ്ങാടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷോർട്ട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.
കൈയൊപ്പ്, ബ്ളാക്ക്, പ്രജാപതി, പുത്തൻപണം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, കടൽ കടന്നൊരു മാത്തുക്കുട്ടി , പാലേരി മാണിക്യം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

