'സൽമാൻ ഖാൻ രാത്രി എട്ട് മണിക്ക് എത്തും, താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ലായിരുന്നു'; ആ സമയമാകുമ്പോഴേക്കും കുട്ടികൾ ക്ഷീണിച്ച് ഉറങ്ങിപ്പോകാറുണ്ട് -എ.ആർ മുരുഗദോസ്
text_fieldsസൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ സിക്കന്ദറിന് പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാൻ സാധിച്ചില്ല. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു.ഇപ്പോഴിതാ, സൽമാൻ ഖാനുമായി സഹകരിച്ചപ്പോൾ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ മുരുഗദോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ഒരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ല. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നില്ല. അദ്ദേഹം രാത്രി എട്ടിനാണ് സെറ്റിൽ എത്തുന്നത്. അതിനാൽ പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും. അതിരാവിലെ മുതൽ ഷൂട്ട് ചെയ്യുന്ന ശീലമുണ്ട്. എന്നാൽ, അവിടെ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ. ഇത് സെറ്റിലെ മറ്റ് അഭിനേതാക്കളേയും ബാധിച്ചിരുന്നു. ഒരു രംഗത്തിൽ നാല് കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിവരുന്ന രംഗമാണെങ്കിലും പുലർച്ചെ രണ്ടിനായിരുന്നു ഷൂട്ട് ചെയ്തത്. ആ സമയമാകുമ്പോഴേക്കും കുട്ടികൾ ക്ഷീണിച്ച് ഉറങ്ങിപ്പോകാറുണ്ട്' മുരുഗദോസ് പറഞ്ഞു.
തമിഴിൽ സിനിമ ചെയ്യുന്നത് ഒരു ബലമാണ്. തെലുങ്ക് എനിക്ക് ഓക്കേ ആണ്. എന്നാൽ ഹിന്ദി ഒന്നും അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകില്ല. ഹിന്ദി സിനിമകൾ ചെയ്യുമ്പോൾ എനിക്ക് എന്തോ കുറവുള്ളത് പോലെ തോന്നാറുണ്ട് മുരുഗദോസ് പറഞ്ഞു.
സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തല സംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

