ആത്മാഭിമാനമുണ്ട്; അംബാനി വിവാഹത്തിൽ പങ്കെടുക്കില്ല -ആലിയ കശ്യപ്
text_fieldsആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ്. അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങൾ വെറും സർക്കസ് ആണെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് ആഡംബര കല്യാണത്തിൽ പങ്കെടുക്കാത്തതെന്നും ആലിയ ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ പറഞ്ഞു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ ഇത്രയധികം സെലിബ്രിറ്റികളെ ക്ഷണിച്ചത് പി.ആർ വർക്കിന് വേണ്ടിയാണെന്നും ആലിയ കൂട്ടിച്ചേർത്തു.
ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). ഞാൻ വരില്ലെന്ന് പറഞ്ഞു. കാരണം ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു.
ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ട്. അവരുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്'-ആലിയ കശ്യപ് പറഞ്ഞു.
ജൂലൈ 12നാണ് അനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ഗർബ നൈറ്റ്, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. സംഗീത് ചടങ്ങിൽ പാടാൻ ജസ്റ്റിൻ ബീബറെത്തിയിരുന്നു. 83 കോടി രൂപയായിരുന്നു പ്രതിഫലമായി ബീബറിനെ അംബാനി കുടുംബം നൽകിയത്.
വിവാഹത്തിനോട് അനുബന്ധിച്ച് മാർച്ചിൽ ജാംനഗറിൽ പ്രീവെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചിരുന്നു. ബോളിവുഡ് തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം ബിസിനസ് വമ്പന്മാരും ജാംനഗറിലെ പ്രീവെഡ്ഡിങ് ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

