Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിക്ക്...

മമ്മൂട്ടിക്ക് ഇതുവരെയുള്ള മമ്മൂട്ടിയോടുള്ള മത്സരമാണ് കളങ്കാവൽ; അതാണ് സിനിമയുടെ ശക്തിയും ദൗർബല്യവും -അനു പാപ്പച്ചൻ

text_fields
bookmark_border
മമ്മൂട്ടിക്ക് ഇതുവരെയുള്ള മമ്മൂട്ടിയോടുള്ള മത്സരമാണ് കളങ്കാവൽ; അതാണ് സിനിമയുടെ ശക്തിയും ദൗർബല്യവും -അനു പാപ്പച്ചൻ
cancel

മമ്മൂട്ടി സീരിയൽ കില്ലറിന്‍റെ വേഷത്തിൽ എത്തിയ കളങ്കാവൽ തിയറ്ററിൽ വിജയകരമായ മൂന്നാം ദിവസം പൂർത്തിയാക്കാനൊരുങ്ങുകയാണ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് നായകൻ. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയിത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചന്‍.

അനു പാപ്പച്ചന്‍റെ കുറിപ്പ്

കളങ്കാവൽ (Spoiler alert).

സിനിമയുടെ പ്രൊമോഷൻ സമയത്ത് മമ്മൂട്ടി പറഞ്ഞൊരു വാചകമുണ്ട്. നിങ്ങൾക്ക് ഇതിലെ എൻ്റെ കഥാപാത്രത്തെ സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ തിയറ്ററിൽ നിന്നിറങ്ങുമ്പോൾ നിങ്ങൾക്ക് ഈ കഥാപാത്രത്തെ കൊണ്ടുപോകാതിരിക്കാനാവില്ല. അക്ഷരംപ്രതി ശരിയാണ്.

ജുഗുപ്സയോടെ ഒരു കഥാപാത്രം തലച്ചോറിൽ ഭീതിദമായ ഓർമ്മകളുടെ പുകച്ചുരുളുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു..സുന്ദരമാണെന്നു പ്രതിഷ്ഠിക്കപ്പെട്ട ഒരു താരശരീരത്തിൽ നിന്നാണ് അത്യന്തം ക്രൂരവും ഭയാനകവുമായ ശരീരഭാഷയും മാനറിസങ്ങളും വളർത്തിയെടുത്തിരിക്കുന്നത്. തിയറ്ററിൽ നിന്നു പോന്നാലും അസ്വസ്ഥതയുടെ നെരിപ്പോടു എരിഞ്ഞു കൊണ്ടിരിക്കും.. മമ്മൂട്ടി എന്ന നടൻ എല്ലാ കാലത്തും സിനിമക്കു നല്കുന്ന സംഭാവന അതാണ്. മമ്മൂട്ടിയെ മറക്കുക, കഥാപാത്രത്തെ കുടഞ്ഞിടുക.

സിനിമയില്ലെങ്കിൽ തനിക്ക് ജീവിക്കാൻ പറ്റില്ല എന്നു പലപ്പോഴും വികാരഭരിതനാവുന്നതിലെ സത്യം മറ്റൊന്നല്ല. ഓരോ പുതിയ കഥാപാത്രസൃഷ്ടിയിലും കിട്ടുന്ന നിർവൃതിയാണ് മമ്മൂട്ടിയുടെ ലഹരി. പുതിയ പരീക്ഷണങ്ങൾ ചെയ്യാനുള്ള പരവശം അയാൾ ഏതു പ്രായത്തിലും വിടാതെ കൊണ്ടു നടക്കുന്നു. അതുകൊണ്ടാണ് സംവിധായകൻ തനിക്കു നീട്ടിയ നായകനായ അന്വേഷണ ഉദ്യോഗസ്ഥനെ വേണ്ട, വില്ലൻ മതി എന്ന് ആർത്തിയുള്ളവനാകുന്നത്. എല്ലാവർക്കും കേട്ടറിവുള്ള സംഭവകഥയിൽ നിന്ന് കഥാപാത്രത്തിന്‍റെ വിചിത്ര സാധ്യതകളെ കൊത്തിയെടുത്ത് പുനരവതരിപ്പിക്കാൻ മമ്മൂട്ടി എടുത്ത പരിശ്രമങ്ങൾ ആദ്യാവസാനം അന്തംവിട്ടു കണ്ടു കൊണ്ടിരിക്കും.

പല സീനുകളുണ്ട് ഉദാഹരിക്കാൻ. സിഗരറ്റു പ്രോപ്പർട്ടിയായി ഉപയോഗിക്കുമ്പോൾ മാത്രമല്ല, കുളിങ്ങ് ഗ്ലാസ് ഊരി വക്കുമ്പോൾ മാത്രമല്ല, ഒരു പ്രോപ്പർട്ടിയും ഇല്ലാത്തപ്പോഴും അയാൾ കഥാപാത്രത്തിന്‍റെ ഭയാനകതയിൽ ഉഗ്രമായി നില്ക്കുന്ന സൂക്ഷ്മാഭിനയം കാഴ്ച വെക്കുന്നു. ഇര മരിക്കാൻ പോകുന്ന പോക്കു ആസ്വദിച്ചു നോക്കിനില്ക്കുന്ന സൈക്കോയുടെ ദാഹം, നിന്നനില്പിൽ നാവു നീട്ടി വഷളത്തത്തോടെ ചിരിച്ച് എത്രമേൽ ബീഭത്സമായി അവതരിപ്പിച്ചു.ഓഹ്! വേട്ടയാടൽ എന്നൊക്കെ പറഞ്ഞാൽ..!!

സ്ലാങ്ങ് പിടിച്ചെടുത്ത് കഥാപാത്രത്തിന്‍റെ അച്ചട്ട് സ്വാഭാവികത നല്കുന്നതിൽ മമ്മൂട്ടി പണ്ടേ മിടുക്കനാണ്. കളങ്കാവലിലും അത് മികച്ചതാണ്. പക്ഷേ യാതൊരു സംഭാഷണമില്ലാതിരിക്കുമ്പോൾ തന്നെ കുറ്റാസക്തനായ മനുഷ്യന്‍റെ പൊയ്മുഖത്തിന്‍റെ ഭയപ്പെടുത്തുന്ന പ്രത്യക്ഷീകരണത്തെ കുടുസ്സുമുറിയിലിരുന്ന് മമ്മൂട്ടി പകർന്നാടുന്നു.

വിനായകനെ' vi -നായകൻ എന്നാണ് സിനിമ അവതരിപ്പിക്കുന്നത്. വില്ലനെതിരെയുള്ള പൊലിസ് നായകനെ സിനിമ പ്രത്യേകമായി ശൈലികരിക്കുന്നുണ്ട്.. റിയലിസ്റ്റിക്കായി പരിചരിച്ചു മുന്നോട്ടു പോകുന്ന സിനിമയിൽ ഒരൊറ്റ കഥാപാത്രത്തെ മാത്രം ശൈലീ കരിക്കുന്നത് ഗുണം ചെയ്തോ എന്ന സംശയം കാണിക്കുണ്ടാവും. ശരീരഭാഷയിലും സംഭാഷണത്തിലുമുള്ള നിയന്ത്രണം നല്കുന്ന കൃത്രിമത്വം കല്ലുകടിക്കുന്നതാണോ എന്ന അനുഭവം ഉണ്ടായി. വിനായകന്‍റെ അവതരണത്തിൽ സംവിധായകൻ സ്വീകരിച്ച രീതി മറ്റൊരു വിധമായിരുന്നെങ്കിൽ ഇന്‍റർവലിലും കൈമാക്സിലും മാത്രമല്ലാതെ നത്ത് വളർന്നു വികസിച്ചേനെ എന്നാണ് തോന്നൽ.

ഉദ്വേഗമുള്ള കഥയായതുകൊണ്ടു മാത്രം ഉപരിപ്ലവമായ കഥപറച്ചിൽ കാണി കണ്ടിരിക്കുന്നുണ്ട്.. പക്ഷേ കൊല നടത്തുന്ന സൈക്കോയെ എല്ലാവർക്കും അറിയാവുന്ന ഒരു കഥയിൽ സങ്കീർണമായ മാനസിക ഘടനയുള്ള ഒരു ക്രിമിനലിന്‍റെ ഉരുവം കൊള്ളലിനു പിന്നിലെന്ത് എന്നതായിരിക്കും കാണിയുടെ കൗതുകം. കഥയിലും തിരക്കഥയിലും അത്തരം ലെയറുകൾ ശുഷ്കമാണ്. കാണിക്കു ഉത്സാഹം കിട്ടുന്ന ഘടകം മമ്മൂട്ടി മാത്രമാണ്. അതയാൾ കളം നിറഞ്ഞാടി.

ഒന്നിനു പിറകെ ഒന്നായി വന്നു ഇരപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് തിരയിലും ദുർവിധി തന്നെ. ആഖ്യാനത്തിന്‍റെ ആവർത്തനത്തിൽ ഒരു തരത്തിലും കാരക്ടർ ബിൽഡ് ചെയ്യാതെ ഈയലുകളായി ചത്തുപോവുകയായിരുന്നവർ. ശ്രുതിയും ഗായത്രിയും രജീഷയും ഒഴികെയുള്ളവർ ഓർമയിൽപ്പോലും ബാക്കിയാവുകയില്ല. ഇത്രയും കൊല ചെയ്തു എന്നു കാണിക്കുവാനാണെങ്കിൽ എത്രയോ മാർഗങ്ങൾ സിനിമക്കുണ്ട്. യഥാർഥ കഥയിൽ നിന്ന് അധ്യാപകനെ പൊലിസാക്കി വേട്ടക്കാരനാക്കി ആഖ്യാനത്തിലെടുത്ത ട്വിസ്റ്റ് പോലെ ബുദ്ധിപൂർവമായ എന്തെല്ലാം പരീക്ഷണങ്ങളാവാമായിരുന്നു.

ഭീതിയും ദുരൂഹതയും നിറഞ്ഞ സിനിമയുടെ മൂഡിനു ചേർന്ന ദൃശ്യപരിചരണ രീതി കൃത്യമായിരുന്നു. ദേശകാലങ്ങളേക്കാൾ കുറച്ചു മനുഷ്യരിൽ മാത്രം പരിമിതപ്പെട്ട് നില്ക്കുന്ന സിനിമ ഇടത്തിൽ അങ്ങേയറ്റം ഏകാഗ്രത പുലർത്താൻ ക്യാമറക്കു കഴിഞ്ഞിട്ടുണ്ട്. കളർ ടോണും കൃത്യമായി ഇഴചേർന്നു. സിനിമയുടെ ഏറ്റവും ക്രിയാത്മകമായ സംഭാവനകളിലൊന്ന് പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്. ക്രൈം ത്രില്ലറുകളിൽ കോരിയിടുന്ന പതിവു ശബ്ദങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു സിനിമയുടെ ശബ്ദപഥം.

ശബ്ദകോലാഹലങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ഭീതിയുടെ അന്തരീക്ഷം ഉരുവപ്പെട്ടു. റെട്രോ മൂഡിൽ സൃഷ്ടിച്ച ഓരോ പാട്ടും കഥാസന്ദർഭങ്ങളെ ഒന്നുകൂടി ബലപ്പെടുത്തി. പ്രത്യേകിച്ച് 'നിലാ കായും...മുജീബ് മജീദിന്‍റെ സംഗീതം വിനായക് ശശികുമാറിൻ്റെ വരികളിലൂടെ (ഇളയരാജയെ ഓർമിപ്പിക്കും വിധം) കേട്ടു കഴിഞ്ഞിട്ടും ചെവിയിൽ തങ്ങി നില്ക്കുന്നു. സിന്ധു ഡെല്‍സന്‍റെ ശബ്ദമാകട്ടെ സിനിമയുടെ നിഗൂഢതയെ പൊതിഞ്ഞു വെക്കുന്നതും.. മമ്മൂട്ടിക്ക് ഇതുവരെയുള്ള മമ്മൂട്ടിയോടുള്ള മത്സരമാണ് കളങ്കാവൽ. അതാണ് സിനിമയുടെ ശക്തിയും. എന്നാൽ ദൗർബല്യവുമതുതന്നെ. മമ്മൂട്ടി മാത്രം ബാക്കിയാവുന്നു. മറ്റെല്ലാം പതിയെ മറന്നു പോകുന്നു.. അതിലയാൾ ഒരു രാക്ഷസനാണ്.. !!!

നിലാ കായും വെളിച്ചം

പൊങ്ങുതേ പരവശം

കൺങ്കൾ ഉറങ്കാമൽ

തേടുതേ ഒരു മുഖം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyanu pappachanEntertainment NewsFacebook postsKalamkaval
News Summary - anu pappachan facebook post about kalamkaval
Next Story