വലിയ പെരുന്നാള്‍ കൂടാൻ 'കാട്ടാളൻ' എത്തുന്നു! വേൾഡ് വൈഡ് റിലീസ് മെയ് 28ന്
text_fieldsആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളന്റെ' റിലീസ് തീയതി മാറ്റി. മെയ് 14-ന് തീരുമാനിച്ചിരുന്ന റിലീസ് മെയ് 28-ലേക്കാണ് മാറ്റിയിരിക്കുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട്ടാളൻ'.
ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ എന്റർടൈനറാണ് കാട്ടാളൻ.
ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. സിനിമയുടേതായി ഇതിനകം പുറത്തുവന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയ അടക്കിഭരിച്ച് മുന്നേറുകയാണ്. ജംഗീൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഓഷ്യൻ ബീസ്റ്റ് തീം എന്നിങ്ങനെ മൂന്ന് മ്യൂസിക് ട്രാക്കുകളിലാണ് ട്രെയിലർ പുറത്തിറങ്ങിയിരുന്നത്. രവി ബസ്രൂർ ഒരുക്കിയിരിക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.
ബോക്സ് ഓഫീസിലെ കനത്ത തിരക്ക് കണക്കിലെടുത്താണ് ചിത്രത്തിന്റെ മാറ്റം. നസ്ലിൻ നായകനാകുന്ന 'മോളിവുഡ് ടൈംസിന്' ശേഷം മെയ് 14-ലെ റിലീസിൽ നിന്നും പിന്മാറുന്ന രണ്ടാമത്തെ ചിത്രമാണ് കാട്ടാളൻ. അതേസമയം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന 'അതിരടി' നേരത്തെ തീരുമാനിച്ചതുപോലെ മെയ് 14-ന് തന്നെ തിയറ്ററുകളിലെത്തും.
തമിഴ് നടി ദുഷാര വിജയൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. 'ബാഹുബലി 2', 'ജവാൻ' തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ കെച്ചാ കംഫക്ഡിയാണ് കാട്ടാളന്റെ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ബി. അജനീഷ് ലോകനാഥാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

