മോഹൻലാലും തരുൺ മൂർത്തിയും തുടരും; പുതിയ പടം ലോഡിങ്...
text_fieldsവൻ വിജയമായ തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് നിർമാതാവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാലിനൊപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരു പ്രപഞ്ചം ഇളകിമറിയുന്നു. തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ കൂടെ മറ്റൊരു യാത്രക്ക് ഒരുങ്ങുന്നു. നിങ്ങളുടെ അനുഗ്രഹത്തോടെ, മറ്റൊരധ്യായം ഞങ്ങൾ നെയ്തുതുടങ്ങുന്നു’ എന്നാണ് ആഷിക് ഉസ്മാൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
പുളിക്കാരൻ സ്റ്റാറാ, ഇഷ്ക്, ആദി എന്നീ ചിത്രങ്ങൾ എഴുതിയ രതീഷ് രവിയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. നരൻ, പുലിമുരുകൻ, തുടരും എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ച ഷാജി കുമാർ ആണ് ഛായാഗ്രാഹകൻ. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിനും ശോഭനക്കും പുറമേ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കെ. ആര്‍ സുനിലിന്റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിൽ, നസ്‌ലെൻ, അർജുൻ ദാസ്, ഗണപതി എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ടോർപ്പിഡോയാണ് തരുൺ മൂർത്തി വരാനിക്കുന്ന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

