അമറും പ്രേമും വീണ്ടും! കൾട്ട് കോമഡി 'അന്ദാസ് അപ്‌നാ അപ്‌നാ' റി റിലീസിലേക്ക്
text_fieldsആമിർ ഖാനും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ച അന്ദാസ് അപ്‌നാ അപ്‌നാ വീണ്ടും റിലീസിന് ഒരുങ്ങുന്നു. രാജ്കുമാർ സന്തോഷിയുടെ കൾട്ട് കോമഡി ചിത്രം അന്ദാസ് അപ്‌നാ അപ്‌നാ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ റി റിലീസിന് ഒരുങ്ങുന്നത്. ആമിർ ഖാനും സൽമാൻ ഖാനും അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഹിന്ദി സിനിമയിൽ ഐക്കോണിക് സ്ഥാനം ഉറപ്പിച്ച ഒന്നാണ്. റിലീസ് ചെയ്തപ്പോൾ വലിയ വിജയമായില്ലെങ്കിലും കഥാപാത്രങ്ങളുടെ വിചിത്രമായ സ്വഭാവ സവിശേഷതകൾ കാരണം ചിത്രം വളരെയധികം ആരാധകരെ നേടി.
'ആന്ദാസ് അപ്‌നാ അപ്‌നാ 2025 ഏപ്രിൽ 25 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നു! വലിയ സ്‌ക്രീനിൽ കൾട്ട് ക്ലാസിക് അനുഭവിക്കൂ! 4K യിൽ പുനർനിർമിച്ച ഡോൾബി 5.1 ട്രെയിലർ ഉടൻ പുറത്തിറങ്ങുന്നു!' എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ വിതരണക്കാരായ വിനയ് പിക്‌ചേഴ്‌സാണ് എക്സിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിന് തുടർഭാഗം ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ആമിർ ഖാന്‍റെ 60-ാം പിറന്നാൾ ആഘോഷിക്കാൻ സൽമാൻ ഖാനും ഷാരൂഖ് ഖാനും എത്തിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിൽ സംവിധായകൻ രാജ്കുമാർ സന്തോഷിയുടെ സാന്നിധ്യം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അഭിനേതാക്കൾ കമ്മിറ്റ് ചെയ്ത് ഡേറ്റ് നൽകിയാൽ തിരക്കഥ തയാറാക്കാമെന്ന് സന്തോഷി മുമ്പ് പറഞ്ഞിട്ടുണ്ട്.

