അനശ്വര രാജന്റെ ചാമ്പ്യൻ ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?
text_fieldsമലയാളികളുടെ പ്രിയങ്കരിയായ അനശ്വര രാജൻ ആദ്യമായി തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'ചാമ്പ്യൻ'. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിൽ തന്റേതായ ഇടം കണ്ടെത്തിയ അനശ്വരയുടെ ഈ തെലുങ്ക് ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം ഉടൻ തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
'നിർമ്മല കോൺവെന്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ മേക്കയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോഷനും അനശ്വരയും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 'ചന്ദമാമ കഥലു' എന്ന ചിത്രത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രദീപ് അദ്വൈതം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അനശ്വര രാജൻ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. ചിത്രം ജനുവരി 23ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകാൻ സാധ്യതയുണ്ട്.
സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫുട്ബോൾ ആവേശവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ഈ ചിത്രം തിയറ്ററുകൾക്ക് ശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1940കളുടെ അവസാനത്തിൽ, ഹൈദരാബാദ് സ്റ്റേറ്റ് ഇന്ത്യയുമായി ലയിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.
തെലങ്കാന ചരിത്രത്തിലെ പ്രധാന സംഭവമായ ഭൈരൻപള്ളി വിപ്ലവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയറ്ററുകളിൽ എത്തിയത്. ആഗോളതലത്തില്‍ ചാമ്പ്യൻ നേടിയത് 17 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 14.6 കോടി രൂപ ഗ്രോസ് നേടി. നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണേല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല തുടങ്ങിയ പ്രമുഖ താരനിരയും ഈ ചിത്രത്തിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

