അണലി വെബ് സിരിസ് റിലീസിങിന് വിലക്ക്
text_fieldsകൊച്ചി: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയതെന്ന് ആരോപണമുള്ള അണലി വെബ് സിരിസ് റിലീസിങിന് വിലക്ക്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശ്ശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്നതുവരെ വിലക്കിയാണ് എറണാകുളം അഡീ. മുൻസിഫ് കോടതിയുടെ ഉത്തരവ്.
സീരീസ് പുറത്തുവന്നാൽ അത് കൂടത്തായി കേസിന്റെ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോളി നൽകിയ ഹരജി കോടതി അനുവദിക്കുകയായിരുന്നു. വെബ് സീരിസിന് ഹരജിക്കാരിയുമായി ബന്ധമുണ്ടെന്നതിന് മതിയായ വസ്തുതകൾ പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഹരജിക്കാർക്കുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് നിഖില വിമലും ലിയോ ലിഷ്ണോയിയും മുഖ്യവേഷത്തിലെത്തുന്ന വെബ് സീരീസിന് നേരത്തെ മുൻസിഫ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. പരമ്പരയുടെ നിർമാതാക്കളായ ജിയോസ്റ്റാർ ഇന്ത്യ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു. സംപ്രേക്ഷണം വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നായിരുന്നു വാദം. തുടർന്ന് ഹരജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി മുൻസിഫ് കോടതിക്ക് നിർദേശം നൽകി. മുൻപ് കോടതി നൽകിയ ഇടക്കാല സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംപ്രേക്ഷണാവകാശമുള്ള ഒടിടി പ്ലാറ്റ്ഫോം നൽകിയ ഹരജിയും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

