‘അമ്മ’ ജനറൽ ബോഡിയിൽ പൊട്ടിത്തെറി; രാജി പ്രഖ്യാപിച്ച് ശ്വേത
text_fieldsകൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ രൂക്ഷമായ വാഗ്വാദങ്ങളും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും. വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് യോഗ നടപടികൾ സ്തംഭിച്ചു. റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധീഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖ അംഗങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെ ശക്തമായി എതിർത്തു.
അതേസമയം, ഉച്ചക്ക് ശേഷം പ്രസിഡന്റ് ശ്വേത മേനോൻ താൻ രാജിവെക്കുകയാണെന്ന് പറഞ്ഞ് രംഗത്ത് എത്തി. സ്റ്റേജിൽ കയറിയാണ് രാജി പ്രഖ്യാപിച്ചത്. ഉടൻതന്നെ സ്റ്റേജിൽനിന്ന് ഇറങ്ങിയ ഇവരെ അനുനയിപ്പ് ബാബുരാജ് തിരികെ കൊണ്ടുവന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ചിലർ എന്നെ ഒരുപാർട്ടിയുടെ ആളാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശ്വേത പൊട്ടിത്തെറിച്ചു.
നേരത്തെ യോഗത്തിൽ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. ‘ സംഘടനയെ തകർക്കാനാവില്ലെന്നും നമ്മളെല്ലാം എങ്ങനെ അന്യരായിപ്പോയി?" എന്ന് ചോദിച്ച അദ്ദേഹം, സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ചയാക്കി പൊതുസമൂഹത്തിന് മുന്നിൽ സംഘടനയെ അവമതിപ്പിന് ഇരയാക്കിയതിൽ അംഗങ്ങൾക്ക് തന്നെയാണ് ഉത്തരവാദിത്തമെന്നും ഓർമിപ്പിച്ചു.
നിയമലംഘനവും സാമ്പത്തിക ആരോപണവും
സംഘടനയുടെ ബൈലോ പ്രകാരം ജനറൽ ബോഡി യോഗത്തിന് 21 ദിവസം മുമ്പ് വാർഷിക റിപ്പോർട്ട് അംഗങ്ങൾക്ക് ലഭ്യമാക്കണം. എന്നാൽ, പല അംഗങ്ങൾക്കും യോഗത്തിന് തലേദിവസം രാത്രിയോ, യോഗം നടക്കുന്ന ദിവസം രാവിലെയോ മാത്രമാണ് റിപ്പോർട്ട് ലഭിച്ചത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന് വിമർശനം ഉയർന്നു. ഇതിനു പുറമെ, റിപ്പോർട്ടിലെ വരവ്-ചെലവ് കണക്കുകളിൽ വലിയ അസ്വാഭാവികതയുണ്ടെന്നും സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം അംഗങ്ങൾ പരസ്യമായി ആരോപിച്ചു. കണക്കുകളിൽ വ്യക്തത വരുത്താതെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ.
റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി, അത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടെങ്കിലും, മറ്റ് അംഗങ്ങൾ അത് അംഗീകരിക്കാൻ തയ്യാറായില്ല.
യോഗത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരുടെ അസാന്നിധ്യം ശ്രദ്ധേയമായി. മമ്മൂട്ടി സ്ഥലത്തില്ലാത്തതും, കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി തിരക്കുകൾ കാരണം എത്താതിരുന്നതുമാണ് ഇതിന് കാരണമായി പറയുന്നത്. കുഞ്ചാക്കോ ബോബൻ, നിഖില വിമൽ തുടങ്ങിയ യുവതാരങ്ങൾ പതിവുപോലെ ഇത്തവണയും യോഗത്തിൽ പങ്കെടുത്തില്ല.
വാർഷിക റിപ്പോർട്ട് പാസാക്കിയ ശേഷം മാത്രമേ ഹേമ കമ്മിറ്റി റിപ്പോർട്ട്, ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതി തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ സാധിക്കൂ. എന്നാൽ, തുടക്കം മുതൽക്കേ റിപ്പോർട്ടിനെ ചൊല്ലി ഉയർന്ന വാക്കുതർക്കങ്ങൾ കാരണം മറ്റ് അജണ്ടകളിലേക്ക് കടക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

