അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച യുവതാരം പ്രിയാൻഷു കൊല്ലപ്പെട്ട നിലയിൽ, സുഹൃത്ത് കസ്റ്റഡിയിൽ
text_fieldsഅമിതാഭ് ബച്ചനൊപ്പം ഹിന്ദി ചിത്രം ജുന്ദിൽ പ്രധാനവേഷത്തിൽ അഭിനയിച്ച താരം പ്രിയാൻഷു കൊല്ലപ്പെട്ട നിലയിൽ. നാഗ്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇയാളുടെ സുഹൃത്ത് തന്നെയാണ് കേസിലെ പ്രതി. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ ധ്രുവ് ലാൽ ബഹാദൂർ സാഹു പിടിയിലായി.
പ്രിയാൻഷുവും സാഹുവും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. എല്ലാ ദിവസവും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മദ്യപിക്കുന്നതിനായി ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തി. എന്നാൽ, മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും സാഹു പ്രിയാൻഷുവിനെ ഇലക്ട്രിക് വയർ കൊണ്ട് ബന്ധിപ്പിച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റനിലയിൽ പ്രിയാൻഷുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
തെരുവ് ഫുട്ബാളിന്റെ കഥ പറയുന്ന ‘ജുന്ദ്’ സാമൂഹിക പ്രവർത്തകനായ വിജയ് ബർസെയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വിരമിച്ച കായികാധ്യാപകൻ തെരുവ് കുട്ടികളെ ഉപയോഗിച്ച് ഒരു ഫുട്ബാൾ ടീമുണ്ടാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രത്തിൽ അമിതാഭ് ബച്ചനോടൊപ്പം വളരെ പ്രാധാന്യമുള്ള വേഷം പ്രിയാൻഷു ചെയ്തിരുന്നു.
പ്രിയാൻഷുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സാഹുവിനെ ഇതിന് മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ട്രെയിൻ യാത്രക്കാരനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

