ഞായറാഴ്ചകളിൽ ആരാധകരെ കാണാൻ എത്തുമ്പോൾ ചെരുപ്പിടില്ല; ഇത് വിചിത്ര സ്വഭാവമല്ല, കാരണം പറഞ്ഞ് അമിതാഭ് ബച്ചൻ
text_fieldsപ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ അമിതാഭ് ബച്ചനുള്ളത്. തിരക്കുകൾക്കിടയിലും ആരാധകരെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ബച്ചൻ സമയം കണ്ടെത്താറുണ്ട്. ഞായാറാഴ്ചകളിൽ തന്റെ വസതിയായ ജൽസയുടെ മുന്നിൽ എത്തി ഫാൻസിനെ അഭിസംബോധന ചെയ്യാറുണ്ട്. കൊവിഡ് കാലത്ത് മാത്രമായിരുന്നു ഈ പതിവ് മുടക്കിയത്.
ആരാധകരോട് അടുത്ത ബന്ധം പുലർത്തുന്ന ബച്ചന്റെ ഒരു വിചിത്ര സ്വഭാവം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. ചെരുപ്പ് ധരിക്കാതെയാണ് ബച്ചൻ ഞായറാഴ്ചകളിൽ വീടിന് മുന്നിൽ തടിച്ചു കൂടുന്ന ഫാൻസിനെ കാണാൻ എത്തുന്നത്. കഴിഞ്ഞ ദിവസം ബ്ലോഗിൽ ആരാധകരെ കാണാൻ പോകുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. അതിലൊന്ന് ബിഗ് ബി തന്റെ ഷൂസ് അഴിച്ചുമാറ്റുന്നതാണ്. ഇതിനെ കുറിച്ച് ആരാധകർ ചോദിക്കുകയും ചെയ്തിരുന്നു.
ഭക്തിയെന്നാണ് നടൻ പറയുന്നത്. ''ഭക്തിയോടെയാണ് ഞാൻ ആരാധകരുമായി ഇടപഴകുന്നത്. അതുകൊണ്ടാണ് അവരെ കാണാൻ പോകുമ്പോൾ ഷൂസ് ഉപയോഗിക്കാത്തത്. അതെനിക്ക് ഒരു സമർപ്പണമാണ്..", കൈകൂപ്പുന്ന ഇമോജി പങ്കുവെച്ച് കൊണ്ട് ബിഗ് ബി കുറിച്ചു.
സൂരജ് ബർജാത്യ സംവിധാനം ചെയ്യുന്ന ഉഞ്ചായാണ് ഇനി പുറത്ത് വരാനുളള ചിത്രം. അനുപം ഖേർ, ബൊമൻ ഇറാനി, പരിനീതി ചോപ്ര എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 11-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

