എന്‍റെ സിനിമകള്‍ കാണുന്നു, കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നു, പക്ഷെ തിരിച്ചറിയുന്നില്ല -അമ്പിളി ഔസേപ്പ്
text_fieldsസിനിമയില്‍ പത്ത് വര്‍ഷം. ഇതിനിടെ നൂറിലധികം ചിത്രങ്ങള്‍. മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അമ്പിളി ഔസേപ്പ് എന്നിട്ടും എന്തായിരിക്കാം താരത്തെ പലരും തിരിച്ചറിയാതെ പോകുന്നത്. ഒരു പതിറ്റാണ്ട് പിന്നിടുന്ന തന്‍റെ ചലച്ചിത്ര ജീവിതം അമ്പിളി ഔസേപ്പ് ആദ്യമായി പങ്കുവെക്കുന്നു.
തിയറ്ററില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 'മന്ദാകിനി' മികച്ച വിജയം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഈ ചിത്രത്തിലും മുഴുനീള കഥാപാത്രമായ 'വിജയലക്ഷ്മി'യെ അവതരിപ്പിക്കുന്നത് അമ്പിളി ഔസേപ്പാണ് . ആ വിജയലക്ഷ്മിയാണ് തൃശ്ശൂര്‍ സ്വദേശിനിയായ അഭിനേത്രി അമ്പിളി ഔസേപ്പ് താരം വിശേഷങ്ങള്‍ പങ്കിടുന്നു.
നാടക പ്രവര്‍ത്തകനും കലാകാരനുമായിരുന്ന തോപ്പില്‍ ഔസേപ്പാണ് എന്‍റെ അച്ഛന്‍. അപ്പച്ചന്‍ എന്ന് പേര് പറഞ്ഞാല്‍ തൃശ്ശൂരുകാര്‍ക്ക് സുപരിചിതനായിരുന്നു. ഒത്തിരി നാടകങ്ങള്‍ അദ്ദേഹം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അച്ഛന്‍ വഴിയാണ് ഞാന്‍ നാടകത്തിലേക്ക് വരുന്നത്. ഒട്ടേറെ നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അങ്ങനെ നാടകവഴിയിലൂടെയാണ് യാദൃശ്ചികമായി സിനിമയിലേക്ക് എത്തുന്നത്. മുരളി ഗോപിയും ആസിഫ് അലിയും അഭിനയിച്ച 'കാറ്റ് 'എന്ന സിനിമയായിരുന്നു എന്‍റെ ആദ്യചിത്രം. പിന്നീട് ധാരാളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. നാടകരംഗത്ത് നിന്ന് വന്നതുകൊണ്ട് വളരെ അനായാസേന കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞു. ഓരോ സിനിമകളിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നെത്തേടി വന്നത്. ഒന്നിനൊന്ന് വേറിട്ടവ. പലരും എന്‍റെ സിനിമകള്‍ കാണുകയും ആ കഥാപാത്രങ്ങളെ ഏറെ ഇഷ്ടപ്പെടാറുണ്ടെങ്കിലും ഞാനാണെന്ന് തിരിച്ചറിയപ്പെടാറില്ല. അത് എന്‍റെയൊരു ഭാഗ്യമാണെന്നാണ് പലരും സ്നേഹപൂര്‍വ്വം പറയുന്നത്. പക്ഷേ മലയാളത്തിലെ ഏറ്റവും പ്രമുഖ സംവിധായകരുടെ സിനിമകളിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചു. പത്ത് വര്‍ഷമാകുന്നു. നൂറോളം സിനിമകളില്‍ അഭിനയിച്ചു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം പ്രേക്ഷകര്‍ എന്നെ തിരിച്ചറിയാതിരിക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്; അമ്പിളി ഏറെ പ്രയാസത്തോടെ പറയുന്നു.
വളരെ സാധാരണ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിലും. സിനിമ എനിക്ക് വളരെ വലിയ സൗഭാഗ്യമാണ് നൽകിയിരിക്കുന്നത്. സിനിമയല്ലാതെ മറ്റൊരു തൊഴിലും ഞാന്‍ ചെയ്യുന്നില്ല. സാമ്പത്തിക പ്രയാസമില്ലാതെ സന്തോഷകരമായി ജീവിക്കാന്‍ എനിക്ക് സിനിമ സൗകര്യമൊരുക്കിയിട്ടുണ്ട്.അതില്‍ ഞാന്‍ സന്തോഷവതിയാണ്. എനിക്ക് സിനിമ നൽകിയിട്ടുള്ള സംവിധായകരോടും നിമാതാക്കളോടും സഹപ്രവര്‍ത്തകരോടും എനിക്കേറെ നന്ദിയുണ്ട്.
ഏതാണ്ട് അഞ്ചോളം ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. അടുത്തിടെ ഇറങ്ങിയ 'ഹെല്‍പ്പര്‍ 'എന്ന ഷോട്ട്ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ആ ചിത്രത്തില്‍ ഞാനായിരുന്നു നായിക. ഒത്തിരി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രമായിരുന്നു അത്. ഞാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്ന 'ഒരു കെട്ടുകഥയിലൂടെ'. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളിലേക്ക് എന്നെ ക്ഷണിക്കുന്നുണ്ട്. ഒരു സാധാരണക്കാരിയായ എനിക്ക് സിനിമ നൽകിയ സൗഭാഗ്യങ്ങള്‍ക്ക് എന്നും ഈശ്വരനോട് നന്ദി പറയുന്നു-അമ്പിളി ഔസേപ്പ് പറഞ്ഞു നിര്‍ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.