മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിപ്പാണ്. സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുതെന്നാണ് അൽഫോൺസ് മുന്നറിയിപ്പ് നൽകുന്നത്.
ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്‍റെ ചിത്രസംയോജനം നടക്കുകയാണെന്ന് അൽഫോൺസ് അറിയിച്ചു. 'നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം' -അൽഫോൺസ് ഫേസ്ബുക്കിൽ എഴുതി.
വലിയ അവകാശവാദങ്ങളില്ലാതെ എത്തി വൻവിജയമായി മാറിയവയായിരുന്നു അൽഫോൺസിന്‍റെ നേരവും പ്രേമവും. തന്‍റെ മൂന്നാമത്തെ ചിത്രത്തിലും സംവിധായകൻ പതിവുതെറ്റിക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആറ് വർഷത്തെ ഇടവേളക്ക് ശേഷം രണ്ട് ചിത്രങ്ങളാണ് അൽഫോൺസ് പ്രഖ്യാപിച്ചിരുന്നത്. ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പാട്ട്' ആണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് ഗോൾഡാണ്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.