‘തമിഴൻ’ എന്ന തന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’ സിനിമ ഇറക്കിയതെന്ന് സത്യചന്ദ്രൻ പൊയിൽക്കാവ്
text_fieldsകോഴിക്കോട്: 15 വർഷം മുമ്പ് സിനിമ സ്റ്റണ്ട് മാസ്റ്ററായ കരാട്ടെ നാരായണന്‍റെ ജീവിതകഥയും ഭാവനയും ചേർത്ത് താൻ എഴുതിയ ‘തമിഴൻ’ എന്ന കഥ മോഷണം പോയെന്ന് കവി സത്യചന്ദ്രൻ പൊയിൽക്കാവ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
എം.ജി. മണിലാലിനൊപ്പം എഴുതിയ കഥ സിനിമയാക്കാനായി പലരെയും സമീപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. നിർമാതാവിന്‍റെ സൗകര്യത്തിനനുസരിച്ച് സിനിമ നിർമാണം നീണ്ടുപോയി. ഇതിനിടെ ഈ കഥ ‘തുടരും’ എന്ന പേരിൽ സിനിമയായി പുറത്തിറങ്ങിയെന്നാണ് പരാതി. വാർത്തസമ്മേളനത്തിൽ എം.ജി. മണിലാലും സംബന്ധിച്ചു.
ഒരാഴ്ച മുൻപാണ് സംവിധായകൻ നന്ദകുമാർ തന്റെ കഥ മോഷ്ടിച്ചാണ് തുടരും സിനിമയെടുത്തതെന്ന ആരോപണവുമായി രംഗത്തെത്തിയത്.
സിനിമയുടെ കഥ തന്‍റെ ‘രാമൻ’ എന്ന കഥയുടെ തനിപ്പകർപ്പാണെന്നും തന്‍റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും വാർത്തസമ്മേളനത്തിൽ നന്ദകുമാർ ആരോപിച്ചിരുന്നു.
‘തുടരും’ സിനിമയിലെ ജോർജ് എന്ന കഥാപാത്രം തന്‍റെ കഥയിലെ ജോൺ എന്ന കഥാപാത്രം തന്നെയാണെന്നും കഥയുടെ അന്തരംഗ ചലനങ്ങൾ, സംഭവക്രമം മുതൽ ക്ലൈമാക്‌സ് വരെ തന്‍റെ കഥയുമായി അത്രമേൽ സാമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മികച്ച കലക്ഷൻ നേടി തിയറ്റുകളിൽ മുന്നേറുകയാണ് തരുൺ മൂർത്തി ചിത്രം തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്നതിനാൽ തന്നെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. പ്രതീക്ഷ തെറ്റിക്കാതെ ചിത്രം പ്രേക്ഷക പ്രശംസ നേടി. കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷൻ നേടി.
മോഹൻലാലിന്‍റെ കരിയറിലെ 360-മത്തെ സിനിമയാണിത്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

