
മാഫിയ ക്വീനായി ആലിയഭട്ട്, ബൻസാലി ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യുടെ ടീസർ പുറത്ത്
text_fieldsമുംബൈ കാമാത്തിപുര ഭരിക്കുന്ന മാഫിയ ക്വീനായി ആലിയ ഭട്ട് 'ഗംഗുഭായ് കത്തിയവാഡി'യിൽ. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബൻസാലിയുടെ 58ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്.
ബോളിവുഡിൽ ദൃശ്യവിരുന്നൊരുക്കുന്ന ബൻസാലിയുടെ മറ്റൊരു ചിത്രമാകും ഗംഗുഭായ് കത്തിയവാഡിയെന്ന് ടീസറിൽ സൂചിപ്പിക്കുന്നു.
ഗുജറാത്തിലെ കത്തിയവാഡിയിൽനിന്ന് കാമാത്തിപുരയിലെത്തി മാഫിയ ക്വീനായി മാറിയ ഗംഗുഭായ് ആലിയയുടെ കരിയറിലെ ശക്തമായ മറ്റൊരു കഥാപാത്രമാകും. ഗംഗുഭായ്യുടെ കൗമാരം, മധ്യവയസ് എന്നീ കാലങ്ങൾ ആലിയ അവതരിപ്പിക്കും.
ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേഷി, അജയ് ദേവ്ഗൺ, ഇമ്രാൻ ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങൾ.
ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ജൂലൈ 31നാണ് ചിത്രം തിയറ്ററുകളിലെത്തുക.
സഞ്ജയ് ലീല ബൻസാലിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ. ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
