വൻ പരാജയമല്ല അക്ഷയ് കുമാറിന്റെ 'രാംസേതു'; പ്രതീക്ഷിച്ചതിലും മികച്ച നേട്ടം സ്വന്തമാക്കി ചിത്രം...
text_fieldsപ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് അക്ഷയ് കുമാറിന്റെ 'രാംസേതു'. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അക്ഷയ് കുമാർ പുരാവസ്തു ഗവേഷകനായി എത്തിയ ചിത്രത്തിൽ രാമായണത്തിലെ രാമസേതുവിനെ കുറിച്ച് നടക്കുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചർച്ച ചെയ്യുന്നത്.
ഒക്ടോബർ 25 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം 15 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇത് മികച്ച കളക്ഷനായിട്ടാണ് ട്രെയിഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ആദ്യദിനം12 മുതൽ 14 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചത്.
അതേസമയം അവധി ദിനമായ ദീപാവലിക്കാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇതും രാംസേതുവിന് ഗുണമായിട്ടുണ്ടെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രേക്ഷകരിൽ ഒരു വിഭാഗത്തിനെ തൃപ്തിപ്പെടുത്താൻ അക്ഷയ് കുമാർ ചിത്രത്തിനായിട്ടുണ്ടെന്നാണ് ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ട് നൽകുന്ന സൂചന.
അഭിഷേക് ശർമ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാറിനോടൊപ്പം നുസ്രത്ത് ബറുച്ച, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍-അഡൈ്വഞ്ചര്‍ ത്രില്ലറായി ചിത്രം നിർമിച്ചിരിക്കുന്നത് അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റ്, ലൈക പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ്. അജയ് ദേവ് ഗൺ ചിത്രമായ 'താങ്ക് ഗോഡി'നോപ്പമാണ് രാംസേതു തിയറ്ററുകളിൽ എത്തിയത്.