സുഹൃത്തായ അജയ് ദേവ്ഗണുമായി മത്സരമുണ്ടോ?; അക്ഷയ് കുമാറിന്റെ മറുപടി വൈറലാവുന്നു
text_fieldsപ്രഖ്യാപനം മുതലേ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെ 'രാംസേതു'വും അജയ് ദേവ്ഗണിന്റെ 'താങ്ക് ഗോഡും'. രണ്ട് ചിത്രങ്ങളും ദീപാവലി റിലീസായി ഒക്ടോബർ 25നാണ് തിയറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ഇരുചിത്രങ്ങൾക്കും ലഭിക്കുന്നത്.
സിനിമകൾ ഒന്നിച്ച് പ്രദർശനത്തിനെത്തുമ്പോൾ യാതൊരു ഭയവുമില്ലെന്നാണ് അക്ഷയ് കുമാർ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്നും പ്രേക്ഷകർ തങ്ങൾക്ക് ഇഷ്ടമുളളത് കാണുമെന്നും അക്ഷയ് കുമാർ പറഞ്ഞു. കൂടാതെ ഉത്സവനാളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.
'അജയ് ദേവ്ഗൺ ചിത്രമായ താങ്ക് ഗോഡുമായി ഒരു മത്സരവുമില്ല. ഒരേ ദിവസം റിലീസിനെത്തുന്ന രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് ഇവ. ഇത് പണ്ടും സംഭവിച്ചതാണ്. ഭാവിയിലും സംഭവിക്കും. ആരാധകർ തങ്ങൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കും. രണ്ടും കാണുക. ഉത്സവനാളിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം' അക്ഷയ് കുമാർ പറഞ്ഞു.
ഇതാദ്യമായിട്ടല്ല അജയ് ദേവ്ഗണും അക്ഷയ് കുമാറും ബോക്സോഫീസിൽ ഏറ്റുമുട്ടുന്നത്. ഇതിന് മുൻപ് 1998, 2009, 2010ലും താരങ്ങളുടെ ചിത്രങ്ങൾ ഒന്നിച്ച് പ്രദർശനത്തിന് എത്തിയിരുന്നു.