സൗദിയിൽ അക്ഷയ് കുമാറിനെ ഞെട്ടിച്ച് ആരാധകൻ! വിഡിയോ വൈറലാവുന്നു
text_fieldsഅക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഹേരാ ഫേരി'. ഇപ്പോഴിതാ നടന്റെ മുന്നിൽ ചിത്രത്തിലെ ഒരു രസകരമായ രംഗം പുനരവതരിപ്പിച്ചിരിക്കുകയാണ് ആരാധകൻ. അക്ഷയ് കുമാറാണ് സോഷ്യൽ മീഡിയ പേജിലൂടെ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഏറ്റവും പ്രിയപ്പെട്ട കാരണങ്ങളാൽ, എന്റെ ആരാധകരുടെ ഹേരാ ഫേരി എന്റെ ജീവിതത്തെ ഇളക്കിമറിച്ചു. റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനും അവിസ്മരണീയമായ നിമിഷം സമ്മാനിച്ച ജിദ്ദയിലെ എല്ലാവർക്കും നന്ദി. സ്നേഹവും പ്രാർഥനയും'- ആരാധകന്റെ വിഡിയോക്കൊപ്പം കുറിച്ചു.
സൗദിയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിൽവെച്ചാണ് ഹേരാ ഫേരി രംഗം ആരാധകൻ പുനരവതരിപ്പിച്ചത്. അക്ഷയ് കുമാറിന്റെ കാറിന് മുന്നിലായിരുന്നു പ്രകടനം. ശേഷം താൻ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണെന്നും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ആരാധകനോടൊപ്പം സെൽഫി എടുത്ത ശേഷമാണ് നടൻ അവിടെ നിന്ന് പോയത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
2006ലാണ് സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയത്. അന്തരിച്ച നീരജ് വോറ സംവിധാനം ചെയ്ത ചിത്രത്തിൽ ബിപാഷ ബസു, രാജ്പാൽ യാദവ്, റിമി സെൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.