'വേദനാജനകമായ നിമിഷമാണ്, നിങ്ങളുടെ നിരാശ മനസ്സിലാക്കുന്നു'; ബാലയ്യയുടെ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു
text_fieldsഇന്ന് (ഡിസംബർ അഞ്ച്) ലോകമെമ്പാടും റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) തെലുങ്ക് ചിത്രം അഖണ്ഡ 2വിന്‍റെ റിലീസ് നീട്ടിവെച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാണ് റിലീസ് മാറ്റിവെക്കലിന് കാരണമെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടി. ഡിസംബർ നാലിന് പ്രൊഡക്ഷൻ ഹൗസായ 14 റീൽസ് പ്ലസ് എക്സ് പോസ്റ്റിലൂടെ മാറ്റിവെക്കൽ സ്ഥിരീകരിച്ചു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ അഖണ്ഡ 2 ഷെഡ്യൂൾ ചെയ്തതുപോലെ റിലീസ് ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു വേദനാജനകമായ നിമിഷമാണ്. കൂടാതെ ചിത്രത്തിനായി കാത്തിരിക്കുന്ന എല്ലാ ആരാധകനും സിനിമാപ്രേമിക്കും ഇത് വരുത്തുന്ന നിരാശ ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ഉണ്ടായ അസൗകര്യത്തിൽ ഞങ്ങളുടെ ആത്മാർഥ ക്ഷമാപണം. വളരെ വേഗം പോസിറ്റീവ് അപ്‌ഡേറ്റ് പങ്കിടുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു' -പോസ്റ്റിൽ പറയുന്നു.
ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ പ്രീമിയറുകൾ ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. വലിയ ലാഭം കൊയ്യാത്ത മുൻ പ്രോജക്ടുകൾ കാരണം 14 റീൽസ് പ്ലസ് സാമ്പത്തിക തർക്കത്തിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. തമിഴ്‌നാട്ടിൽ, ഇറോസ് ഇന്റർനാഷനൽ മീഡിയ ലിമിറ്റഡുമായുള്ള തർക്കം കാരണം ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈകോടതി ഉത്തരവിലാണ് നിയമനടപടികൾ അവസാനിച്ചത്.
ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്ക് തെലങ്കാന സർക്കാർ വർധിപ്പിച്ചിരുന്നു. സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിലെ ടിക്കറ്റുകൾക്ക് 50 രൂപയും മൾട്ടിപ്ലക്‌സ് ടിക്കറ്റുകൾക്ക് ജി.എസ്.ടി ഉൾപ്പെടെ 100 രൂപയും വർധനവുണ്ടാകും എന്നായിരുന്നു റിപ്പോർട്ട്. വർധനവ് മൂന്ന് ദിവസത്തേക്ക് മാത്രമേ ബാധകമാകൂ എന്നും അറിയിച്ചിരുന്നു. വർധിപ്പിച്ച നിരക്കിൽ പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളും, സിനിമ മേഖലയിലെ തൊഴിലാളികളെ പിന്തുണക്കുന്നതിനായി വരുമാനത്തിന്റെ 20 ശതമാനം മൂവി ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ അക്കൗണ്ടിലേക്ക് നിർബന്ധമായും സംഭാവന ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. 2021ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ടീസർ പുറത്തിറങ്ങിയതോടെ ചിത്രം ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അതുപയോഗിച്ച് അവരെയെല്ലാം പൊക്കി എടുക്കുന്നതുമാണ് ട്രോൾ ലഭിച്ച സീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

