റിലീസിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവെച്ച ബാലയ്യ ചിത്രം; അഖണ്ഡ 2 ഒടുവിൽ തിയറ്ററിലേക്ക്
text_fieldsബോയപതി ശ്രീനു സംവിധാനം ചെയ്ത നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) ഫാന്‍റസി ആക്ഷൻ ചിത്രം അഖണ്ഡ 2 ഒടുവിൽ തിയറ്ററിൽ എത്തുന്നു. ചിത്രം ഡിസംബർ അഞ്ചിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുന്നതായി നിർമാതാക്കൾ അറിയിച്ചു. ഇപ്പോഴിതാ, നിർമാതാക്കൾ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 12ന് ചിത്രം തിയറ്ററുകളിൽ എത്തും. ഡിസംബർ 11ന് പ്രീമിയർ ഷോകൾ ഉണ്ടാകും.
നിർമാണ പങ്കാളികൾക്കിടയിലെ സാമ്പത്തിക തർക്കങ്ങൾ മൂലമാണ് അഖണ്ഡ 2 റിലീസ് നീട്ടിവെച്ചതെന്നാണ് റിപ്പോർട്ട്. തെലുങ്ക് സിനിമ മേഖലയിലെ ചില മുതിർന്ന വ്യക്തികൾ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആദ്യം തീരുമാനിച്ച തീയതിയിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. ഡിസംബർ നാലിന് പ്രൊഡക്ഷൻ ഹൗസായ 14 റീൽസ് പ്ലസ് എക്സ് പോസ്റ്റിലൂടെ മാറ്റിവെക്കൽ സ്ഥിരീകരിക്കുകയായിരുന്നു.
'ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാൽ അഖണ്ഡ 2 ഷെഡ്യൂൾ ചെയ്തതുപോലെ റിലീസ് ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു വേദനാജനകമായ നിമിഷമാണ്. കൂടാതെ ചിത്രത്തിനായി കാത്തിരിക്കുന്ന എല്ലാ ആരാധകനും സിനിമാപ്രേമിക്കും ഇത് വരുത്തുന്ന നിരാശ ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ഉണ്ടായ അസൗകര്യത്തിൽ ഞങ്ങളുടെ ആത്മാർഥ ക്ഷമാപണം. വളരെ വേഗം പോസിറ്റീവ് അപ്‌ഡേറ്റ് പങ്കിടുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു' -എന്നായിരുന്നു റിലീസ് മാറ്റി വെച്ചത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്.
ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. 2021ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ടീസർ പുറത്തിറങ്ങിയതോടെ ചിത്രം ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അതുപയോഗിച്ച് അവരെയെല്ലാം പൊക്കി എടുക്കുന്നതുമാണ് ട്രോൾ ലഭിച്ച സീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

