ബേസിലിന്‍റെ ചാറ്റുമായി അജു വർഗീസ്; കണ്ണുവയ്യാത്തതുകൊണ്ടാണ് അല്ലെങ്കില്‍ അവനെ തറപപറ്റിച്ചേനെ'
text_fieldsഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഏപ്രിൽ 11നാണ് തിയറ്ററുകളിലെത്തുന്നത്. ബേസിൽ ജോസഫ്, നിവിൻ പോളി, അജു വർഗീസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. കല്യാണി പ്രിയദർശനാണ് നായിക.
ചിത്രം റിലീസിനോട് അടുക്കുമ്പോൾ പ്രമോഷന്റെ തിരക്കിലാണ് വർഷങ്ങൾക്ക് ശേഷം ടീം. ധ്യാൻ, ബേസിൽ, വിനീത് എന്നിവരുടെ അഭിമുഖങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇവരുടെ അഭിമുഖങ്ങൾ തിയറ്ററിൽ പ്രദർശിപ്പിച്ചാൽ അതിവേഗം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത് നടൻ അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ബേസിൽ ജോസഫിന്റ വാട്സ്പ്പ് ചാറ്റാണ് പങ്കുവെച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനൊപ്പമുള്ള അഭിമുഖത്തെക്കുറിച്ചായിരുന്നു ചാറ്റ്. 'കണ്ണുവയ്യത്തതുകൊണ്ട് എന്‍റെ ഫുള്‍ സ്കില്‍സ് അങ്ങോട്ട് പുറത്തെടുക്കാന്‍ പറ്റിയില്ല. അല്ലെങ്കില്‍ കാണാമായിരുന്നു. അവനെ ഞാന്‍ പൂര്‍ണ്ണമായും തറപപറ്റിച്ചേനെ' എന്നായിരുന്നു ബേസിലിന്റെ വാക്കുകൾ. ചിരിക്കുന്ന ഇമോജിക്കൊപ്പമായിരുന്നു സന്ദേശം. ധ്യാനിനൊപ്പമുള്ള അഭിമുഖം അജുവാണ് ബേസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
'ധ്യാനേ... കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസില്‍. ... എന്ന് സൈക്കോ ബാച്ചേ ' എന്ന ക്യാപ്ഷനോടെയാണ് അജു ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ രസകരമായ സംഭഷണം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

