റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അജിത്തിന്‍റെ 'വിടാമുയർച്ചി'ക്കും വ്യാജ പതിപ്പ്
text_fieldsതമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. 'അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്' ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.
ഇപ്പോഴിതാ ആരാധകർ ആഘോഷിച്ച് തിയേറ്ററുകളിലേക്ക് ഓടി കയറുമ്പോൾ ചിത്രം ഓൺലൈനിൽ ചോർന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. സിനിമ നിരവധി നിയമവിരുദ്ധ വെബ്‌സൈറ്റുകളിൽ സൗജന്യമായി ലഭ്യമാണ്. ചിത്രത്തിന്റെ ലിങ്കുകൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇത് സിനിമയുടെ മൊത്തത്തിലുള്ള ബോക്‌സ് ഓഫീസ് പ്രകടനത്തെ ബാധിച്ചേക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്.
ഇതിന് മുമ്പ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു.
റിലീസ് ചെയ്തതിന് ശേഷം വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം വിടാമുയർചി കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.
ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബഡ്ജറ്റിൽ പൂർത്തീകരിച്ച ചിത്രം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ആദ്യമായാണ് അജിത് 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

