ആക്ടീവയോടിച്ച് അജയ് ദേവ്ഗൺ; വിടാതെ പിന്നാലെയോടി ജനക്കൂട്ടം -വിഡിയോ
text_fieldsദൃശ്യം 2 ഹിന്ദി പതിപ്പ് വൻ വിജയം നേടി കുതിക്കുമ്പോൾ നടൻ അജയ് ദേവഗണിന്‍റെ കരിയറിലും ചിത്രം നിർണായകമായിരിക്കുകയാണ്. നവംബർ 18ന് റിലീസ് ചെയ്ത ദൃശ്യം 2 രണ്ടാഴ്ചകൊണ്ട് 160 കോടിയിലേറെയാണ് കലക്ഷനുണ്ടാക്കിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരവേ അടുത്ത ചിത്രമായ 'ഭോലാ'യുടെ ചിത്രീകരണത്തിരക്കിലാണ് അജയ് ദേവ്ഗൺ.
കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കൈതിയുടെ റീമേക്ക് ആണ് ഭോലാ. അജയ് ദേവ്ഗൺ നായകനാവുന്ന ചിത്രം അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നതും.
ഭോലാ ഷൂട്ടിങ്ങിനിടയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അജയ് ദേവ്ഗൺ. ഷൂട്ടിങ് സൈറ്റിൽ നിന്ന് ആക്ടീവ സ്കൂട്ടറിൽ പുറത്തേക്ക് വരുന്ന അജയ് ദേവ്ഗണിനെ കാണാനും സെൽഫിയെടുക്കാനുമായി വൻ ആൾക്കൂട്ടം ഓടിയടുക്കുന്നതാണ് വിഡിയോ. 'ശരിയായ കാരണമുണ്ടെങ്കിൽ ഒരു ജനക്കൂട്ടം നിങ്ങളുടെ നേർക്ക് ഓടിയടുക്കുന്നത് നല്ലതാണ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ.

