Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസഹോദരനെ നഷ്ടപ്പെട്ട...

സഹോദരനെ നഷ്ടപ്പെട്ട അഗസ്ത്യാർകൂടം യാത്ര; 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടപ്പോൾ അച്ഛന്റെ കരച്ചിൽ ഓർത്തു -ഷാജി കൈലാസ്

text_fields
bookmark_border
shaji kailas
cancel

ജ്യേഷ്ഠന്റെ ജീവൻ പൊലിഞ്ഞ അഗസ്ത്യാർകൂടം യാത്രയെക്കുറിച്ച് സംവിധായകൻ ഷാജി കൈലാസ്. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷമാണ് ആ വലിയ വേദനയെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. ' ജീവിതം തൊട്ട സിനിമ' എന്നാണ്ഞ്ഞുമ്മൽ ബോയ്സിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ചിത്രം തന്നെ സംബന്ധിച്ച് വേർപാടിന്റെ ഉണങ്ങാത്ത നീറ്റലാണെന്നും ആ സിനിമ കണ്ടപ്പോൾ അച്ഛന്റെ കരച്ചിലാണ് മനസിലേക്ക് ആദ്യമെത്തിയതെന്നും സംവിധായകൻ സോഷ്യൽമീഡിയയിൽ കുറിച്ചു.

'കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.

വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ... അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്.

അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം. മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല. ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു. മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ'- ഷാജി കൈലാസ് കുറിച്ചു.

2021 ൽ പുറത്തിറങ്ങിയ ജാൻ. എ. മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie Newsshaji kailasManjummel Boys
News Summary - After Waching Manjummel Boys Shaji Kailas Pens About Painful Story About Brother demise
Next Story