പാക് നടൻ ഫവാദ് ഖാന്‍റെ ചിത്രത്തിന് ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും വിലക്ക്; കാരണമിതാണ്...
text_fieldsപഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യ പാകിസ്താനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. ഭീകരാക്രമണത്തെ തുടർന്ന് പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം 'അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. പാകിസ്താനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയാറായിട്ടില്ലെന്നും നിരവധി സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇപ്പോഴിതാ പാകിസ്താനിലും ചിത്രം നിരോധിച്ചു എന്ന വാർത്തകളാണ് വരുന്നത്.
അബിർ ഗുലാൽ പാകിസ്താനിൽ റിലീസ് ചെയ്യില്ലെന്ന് പാകിസ്താൻറെ മുതിർന്ന സിസ്ട്രിബ്യൂട്ടറായ സതീഷ് ആനന്ദ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരം വാണി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് കാരണം. ഇരു രാജ്യങ്ങൾക്കുമിടയിൽ വർധിച്ചുവരുന്ന സംഘർഷം കാരണം, ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്ന് പാകിസ്താൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ഈ നിരോധനം നിർമാതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും സതീഷ് ആനന്ദ് പറഞ്ഞു.
'അബിർ ഗുലാൽ' എന്ന ചിത്രത്തിലെ ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ രണ്ട് ഗാനങ്ങളും യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തതിരുന്നു. വിവേക് ബി. അഗർവാൾ നിർമിച്ച് ആരതി എസ്. ബാഗ്ദി സംവിധാനം ചെയ്ത 'അബിർ ഗുലാൽ' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഈ മാസം ആദ്യം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു.
അതേസമയം, പഹൽഗാം ആക്രമണത്തെ അപലപിച്ച നിരവധി വ്യക്തികളിൽ ഫവാദ് ഖാനും ഉൾപ്പെടുന്നുണ്ട്. 'പഹൽഗാമിലെ ഹീനമായ ആക്രമണത്തിന്റെ വാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ട്. ഈ ഭയാനകമായ സംഭവത്തിന്റെ ഇരകളോടൊപ്പമാണ് ചിന്തകളും പ്രാർഥനകളും, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തി നൽകണമെന്ന് പ്രാർഥിക്കുന്നു' എന്നാണ് നടൻ സോഷ്യൽ മീഡിയയിൽ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

