എട്ടുവർഷത്തിന് ശേഷം പ്രിയദർശൻ വീണ്ടും ബോളിവുഡിൽ; 'ഹംഗാമ 2' ഷൂട്ടിങ് പൂർത്തിയാക്കി
text_fieldsഎട്ടുവർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയ പ്രിയദർശൻ 'ഹംഗാമ 2' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ശേഷം പ്രിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
2003ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. പരേഷ് റാവൽ, ശിൽപ ഷെട്ടി, മീസാൻ ജഫ്രി, പ്രണീത സുഭാഷ് എന്നീ മുൻനിര താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. വീനസ് റെക്കോഡ്സും ടേപ്സ് എൽ.എൽ.പി വെഞ്ചേഴ്സും നിർമിക്കുന്ന ചിത്രത്തിൽ ജോണി ലിവർ, മനോജ് ജോഷി, അശുതോഷ് റാണ, രാജ്പാൽ യാദവ്, ടികു ടാൽസാനിയ എന്നിവരും സുപ്രധാന റോളുകളിലെത്തുന്നുണ്ട്.
ഫിലിം ട്രേഡ് അനലിസ്റ്റായ തരൺ ആദർഷാണ് പ്രിയന്റെ പിറന്നാൾ ദിവസം ചിത്രത്തിന്റെ പാക്കപ്പ് നടന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ ഹംഗാമക്ക് ഇപ്പോഴും നിരവധി ആരാധകരാണുള്ളത്. ടെലിവിഷനിൽ വീണ്ടും പ്രദർശിപ്പിക്കുന്ന വേളയിലും ചിത്രത്തിന് മികച്ച സ്വീകരണം ലഭിക്കാറുണ്ട്.
അതിനാൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പ്രിയദർശൻ പ്രതികരിച്ചു. അക്ഷയ് ഖന്ന, പരേഷ് റാവൽ, റിമി സെൻ, അഫ്താബ് ശിവദാസാനി എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ വേഷമിട്ടത്.
ശനിയാഴ്ച 64 തികഞ്ഞ പ്രിയനോടൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്താണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പിരിഞ്ഞത്.

