'സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീ, എന്‍റെ സംസാരം തടയാൻ അവൾ ആര്?' പുഷ്പവതിയെ അപമാനിച്ച് അടൂർ
text_fieldsതിരുവനന്തപുരം: സിനിമ കോൺക്ലേവിൽ സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയും അധിക്ഷേപ പരാമർശം നടത്തിയതിൽ വിശദീകരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ആർക്കും എതിരായി സംസാരിച്ചിട്ടില്ലെന്നാണ് അടൂർ പറയുന്നത്. പുഷ്പവതിയെ അറിയില്ലെന്നും അവർക്ക് സിനിമയുമായി ബന്ധമില്ലെന്നും അടൂർ കൂട്ടിച്ചേർത്തു.
'സംസാരിച്ചത് ആർക്കും എതിരായല്ല. സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും വേണ്ടിയാണ് സംസാരിച്ചത്. അവരിൽ നിന്ന് സിനിമാക്കാർ ഉണ്ടാകണം. ഞാൻ പറഞ്ഞത് വളരെ തെറ്റായാണ് വ്യാഖ്യാനിച്ചത്. ഇതിനെ പറ്റി അറിവില്ലാത്തത് കൊണ്ടാണ്. ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് എന്തോക്കൊയോ പറഞ്ഞു. അവർ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയാണ്. ആരാണെന്ന് എനിക്ക് അറിയില്ല. ഈ രംഗത്തൊന്നും ഇല്ലാത്ത ആളാണ്. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്നെ തടസപ്പെടുത്തി സംസാരിക്കുകയാണ്. അവിടെ ഇരുന്ന ആളുകൾ അവളെ ഇരുത്തി... ഞാൻ പറഞ്ഞിട്ടൊന്നുമല്ല' -അടൂർ പറഞ്ഞു.
താൻ വരത്തനൊന്നുമല്ലെന്നും 60 വർഷമായി സിനിമയിൽ ജോലി ചെയ്യുന്ന ആളാണെന്നും അടൂർ പറഞ്ഞു. തന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കാൻ പുഷ്പവതി ആരാണെന്ന് അദ്ദേഹം ചോദിച്ചു. പബ്ലിസിറ്റിയാണ് ഉദ്ദേശമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുഷ്പവതി അറിയപ്പെടുന്ന പാട്ടുകാരിയല്ലേ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. ഫിലിം കോൺക്ലേവിൽ വരാൻ അവർക്ക് യാതൊരു അവകാശവുമില്ല എന്നും അടൂർ പറഞ്ഞു.
വഴിയെ പോകുന്ന എല്ലാ സ്ത്രീകൾക്കും അഭിപ്രായം പറയാനുള്ള സ്ഥലമാണോ കോൺക്ലേവ് എന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു. സിനിമയുമായി ബന്ധപ്പെട്ട ആളുകൾ അവരുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന ഇടമാണതെന്നും മറിച്ച് ചന്തയല്ലെന്നും അടൂർ പറഞ്ഞു. ജാതി അധിക്ഷേപമെന്ന് മാധ്യമങ്ങൾ പറഞ്ഞാൻ താന് എന്ത് ചെയ്യണമെന്നും അടൂർ ചോദിച്ചു.
സിനിമാനയം രൂപീകരിക്കാനായി നടത്തുന്ന സിനിമ കോൺക്ലേവിലാണ് സ്ത്രീകൾക്കെതിരെയും ദലിതർക്കെതിരെയും എതിരെ അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമർശം നടത്തിയത്. സ്ത്രീകൾക്കും ദലിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്. ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

