35 വർഷങ്ങൾക്കുശേഷം അടൂരും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം; 'പദയാത്ര'യുടെ ചിത്രീകരണം ആരംഭിച്ചു
text_fieldsഅടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘പദയാത്ര’ എന്നാണ് സിനിമയുടെ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത്. മുഖ്യ സംവിധാന സഹായി മീര സാഹിബ്, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, കലാ സംവിധാനം ഷാജി നടുവിൽ, സംഗീതം മുജീബ് മജീദ് എന്നിവരാണ്.
കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. തിരക്കഥാ രചന പുരോഗമിക്കുമ്പോൾ, കേന്ദ്ര കഥാപാത്രത്തിന് മമ്മൂട്ടിയുടെ മുഖം മാത്രമാണ് തന്റെ മനസ്സിൽ വന്നത് എന്നും ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി അദ്ദേഹമായിരിക്കുമെന്നും അടൂർ പറഞ്ഞിരുന്നു. ഇത് നാലാമത്തെ തവണയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്നത്. നിലവിൽ ബാക്കിയുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടൂർ വെളിപ്പെടുത്തിയിട്ടില്ല.
മമ്മൂട്ടി അടൂർ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രവും മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. 1987 ൽ അനന്തരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ആദ്യമായി മമ്മൂട്ടിയുമായി ഒന്നിച്ചത്. പിന്നീട് മതിലുകൾ (1990), വിധേയൻ (1994) തുടങ്ങി അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 32 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

