ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ട് വീണ്ടും: പുതിയ ആക്ഷൻ ചിത്രത്തിനായുള്ള തയാറെടുപ്പുകൾ തുടങ്ങി...
text_fieldsബോളിവുഡിലെ ഹിറ്റ് സംവിധായകൻ ആദിത്യ ധറും രൺവീർ സിങ്ങും പുതിയൊരു ബിഗ് ബജറ്റ് സിനിമക്കായി വീണ്ടും ഒന്നിക്കുന്നതായാണ് ചലച്ചിത്ര ലോകത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ. ധുരന്ധർ, ധുരന്ധർ 2: ദി റിവഞ്ച് എന്നീ ചിത്രങ്ങളുടെ റെക്കോർഡ് വിജയത്തിന് ശേഷമാണ് ഈ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്നത്. ആദിത്യ ധർ നിലവിൽ ഈ സിനിമയുടെ കഥാചർച്ചകളുമായി സജീവമായി മുന്നോട്ട് പോവുകയാണ്.
പുതിയ പ്രോജക്റ്റിനെക്കുറിച്ച് അദ്ദേഹം രൺവീർ സിങ്ങുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയെങ്കിലും, സിനിമയുടെ ഔദ്യോഗിക കരാറുകളിൽ ഇരുവരും ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നാണ് പ്രമുഖ ഒാൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളോ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, 2027 മാർച്ചിൽ സിനിമ തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
തുടർച്ചയായ വിജയങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകനായി ആദിത്യ ധർ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. 2019ൽ പുറത്തിറങ്ങിയ 'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതിനുശേഷം വന്ന ധുരന്ധർ ഫ്രാഞ്ചൈസി ആദിത്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി.
പ്രത്യേകിച്ച് 'ധുരന്ധർ 2: ദി റിവഞ്ച്' എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ സകല കലക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു. ഇന്ത്യയിൽ നിന്ന് മാത്രം 1130 കോടി രൂപ നേടിയ ഈ ചിത്രം ആഗോളതലത്തിൽ 1770 കോടിയിലധികം രൂപയാണ് സമാഹരിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായി ഇത് മാറിയ പശ്ചാത്തലത്തിൽ, ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രത്തെ സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

