എമ്പുരാൻ കണ്ടിട്ട് ആർക്കാണ് പൊള്ളിയത്? ആരുടെയെങ്കിലും പേര് പറഞ്ഞോ? കോഴി കട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞ് എന്തിനീ ബഹളം?
text_fieldsഎമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ അനുകൂലികൾ സൈബറാക്രമണം തുടരവേ, സിനിമക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിർക്കുന്നവരെ വിമർശിച്ചും നടി സീമ ജി. നായർ. എമ്പുരാൻ കണ്ടിട്ട് ആർക്കാണ് പൊള്ളിയതെന്ന് നടി സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു. ആരുടെയെങ്കിലും പേര് പറഞ്ഞോ? കോഴി കട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞ് എന്തിനീ ബഹളം? കൈകെട്ടി, കുനിച്ചു നിർത്തി, കഴുത്തു വെട്ടുന്ന രീതി കേരളത്തിൽ വിലപ്പോകില്ലെന്നും സീമ ജി. നായർ പറഞ്ഞു.
'ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് .. എത്രയൊക്കെ ഹേറ്റ് കാമ്പയിൻ വന്നാലും കാണേണ്ടവർ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്. കൈകെട്ടി, കുനിച്ചു നിർത്തി, കഴുത്തുവെട്ടുന്ന രീതി അത് കേരളത്തിൽ വിലപ്പോകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല. പറയേണ്ടപ്പോൾ, പറയേണ്ടത്, പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ കൈയടി. ഇവിടെ ആർക്കാണ് പൊള്ളിയത്, ആരുടെയെങ്കിലും പേര് ആരെങ്കിലും പറഞ്ഞോ, കോഴികട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയിൽ തമ്മിലടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണീ പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങൾ പോരട്ടെ. എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ. ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും, ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട്' -സീമ ജി. നായർ പറഞ്ഞു.
എമ്പുരാന് എതിരെ ശക്തമായ പ്രചാരണമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്നത്. ഗുജറാത്ത് വംശഹത്യയുൾപ്പെടെ കാര്യങ്ങൾ സിനിമയിൽ പറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. വിമർശനം രൂക്ഷമായ പശ്ചാത്തലത്തിൽ ചിത്രം വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. എമ്പുരാന്‍റെ 17 ഭാഗങ്ങളിലായാണ് മാറ്റം വരിക. കഥയിലെ വില്ലൻ കഥാപാത്രം ഉൾപ്പെടെയുള്ളവരുടെ പേരുകളിലും മാറ്റം വരുത്തും. സംഘ്പരിവാറിന്‍റെ പ്രതിഷേധത്തിനൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം കൊണ്ടുവരുന്നത്. സിനിമയിലെ പുതിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും.
പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നാണ്. ഈ പേര് പരാമർശിക്കുന്ന ഭാഗത്ത് ഒന്നുകിൽ പേര് മാറ്റുക, അല്ലങ്കിൽ മ്യൂട്ട് ചെയ്യുക. ഗുജറാത്ത് കലാപത്തിലെ ചില രംഗങ്ങൾ ഒഴിവാക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ ദൈർഘ്യം കുറക്കുക, ദേശീയ അന്വേഷണ ഏജൻസിയുടെ പേര് വരുന്ന ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാകും മാറ്റങ്ങൾ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

