ഇപ്പോൾ 'ലേഡി മമ്മൂട്ടി'യുമായി- മഞ്ജു വാര്യരുടെ പുതിയ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകർ
text_fieldsഅഭിനയമികവിന്റെ കാര്യത്തിൽ 'ലേഡി മോഹൻലാൽ' എന്നാണ് നടി മഞ്ജു വാര്യർ വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോൾ ഗ്ലാമറിന്റെ കാര്യത്തിൽ 'ലേഡി മമ്മൂട്ടി' ആയെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ഇതിന് കാരണം.
വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്കേര്‍ട്ടുമാണ് മഞ്ജു ധരിച്ചിരിക്കുന്നത്. ബാങ്സ് സ്റ്റൈലിലാണ് ഹെയര്‍ സ്റ്റൈല്‍. 'ചതുര്‍മുഖം' എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ താരം എത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങള്‍ക്കുതാഴെ ഒട്ടനവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു കൗമാരക്കാരിയെപ്പോലെ തോന്നുന്നു എന്നാണ് ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. പ്രായം കൂടും തോറും മഞ്ജു കൂടുതല്‍ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. മകളോളം ചെറുപ്പമായിട്ടുണ്ട് എന്ന് കമന്റ് ചെയ്തവരുമുണ്ട്. 'ചിലർ നിലയില്ലാ കയത്തിൽ വീണു പോകുമ്പോ ചിലർ അതിശക്തമായി തിരിച്ചു വരും, ഒരു വാശിയോടെ. അതിനു തെളിവാണ് നിങ്ങൾ', 'എന്തൊരക്രമമാണിത്, ഇങ്ങനെ സൗന്ദര്യം ദിവസവും കൂടാമോ, കുശുമ്പുണ്ടെങ്കിലും പറയാതിരിക്കാനാവില്ല' -ഇങ്ങനെ നീളുന്നു കമന്റുകൾ. യുവനടിമാർ കുറച്ച് ജാഗ്രത പാലിക്കണമെന്നായിരുന്നു സംവിധായകൻ സാജിദ് യഹിയയുടെ കമന്റ്.
'ചതുർമുഖ'ത്തിൽ മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രമായെത്തുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമാണതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന് തോമസ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ് സംവിധാനം. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് അഭയകുമാര്‍ കെ., അനില്‍ കുര്യന് എന്നിവരാണ്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങള്‍.

