പ്രിയന്റെ കൈ പിടിച്ച് നിറചിരിയോടെ ലിസി; സിബി മലയിലിന്റെ മകന്റെ വിവാഹ വേദിയിൽ ഒന്നിച്ച് ലിസിയും പ്രിയദർശനും
text_fieldsപ്രിയദർശനും ലിസ്സിയും സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിനെത്തിയപ്പോൾ
കൊച്ചി: മലയാള സിനിമയിലെ തരദമ്പതികളായി നിറഞ്ഞു നിന്ന ദാമ്പത്യത്തിനു ശേഷം, വിവാഹമോചിതരായ ലിസിയെയും പ്രിയദർശനെയും വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് സിനിമാസ്വാദക ലോകം. കഴിഞ്ഞ ദിവസം നടന്ന സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബിയുടെയും വധു മെറിന്റെയും വിവാഹ സൽകാര വേദിയിലായിരുന്നു, ഒരു കാറിൽ ഒന്നിച്ചെത്തി, കൈകൾ പിടിച്ച് നടന്ന് സംവിധായകൻ പ്രിയദർശനും ലിസിയും താരമായത്.
കൊച്ചി കളമശ്ശേരി ചാക്കോളാസിൽ നടന്ന വിവാഹ ചടങ്ങിനെത്തിയ ഇരുവരെയും സിബി മലയിലും സത്യൻ അന്തിക്കാടും ചേർന്ന് സ്വീകരിച്ചു. 26 വർഷത്തോളം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം 2016ലായിരുന്നു ലിസ്സിയും പ്രിയദർശനും നിയമപ്രകാരം വിവാഹ മോചിതരായത്. മലയാള സിനിമാ ലോകത്തെയും ചലച്ചിത്ര പ്രേമികളെയും ഞെട്ടിച്ച വിവാഹ മോചനത്തിനു പിന്നാലെ, പലയിടങ്ങളിലും ലിസിയും പ്രിയദർശനും ഒന്നിച്ചുവെങ്കിലും പൊതുവേദിയിൽ ഇരുവരും ഒന്നിച്ചു കണ്ടതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. വിവാഹ വേദിയിലേക്ക് ഇരുവരും എത്തിച്ചേരുന്നതിന്റെയും, നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്തശേഷം, പ്രിയന്റെ കൈകൾ പിടിച്ച് ലിസ്സി വേദിവിട്ടിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
ഒരുകാലത്ത് മലയാള സിനിമയിലെ താരസുന്ദരിയായി നിറഞ്ഞു നിന്ന ലിസിയും, മികച്ച ചിത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ പ്രിയദർശനവും വഴിപിരിഞ്ഞ ശേഷവും മാതൃകാ സൗഹൃദം സൂക്ഷിക്കുന്നതിന്റെ സന്തോഷവും ആരാധകർ കമന്റുകളായി പങ്കുവെച്ചു.
1990ൽ വിവാഹിതരായ താരദമ്പതികൾ 2016ലാണ് അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചുകൊണ്ട് വഴിപിരിയാൻ തീരുമാനിച്ചത്. എങ്കിലും മക്കളായ സിദ്ദാർഥിന്റെയും ചലച്ചിത്രതാരം കല്യാണിയുടെയും ആവശ്യങ്ങളിൽ ഇരുവരും ഒന്നിക്കാറുണ്ട്. നിറചിരിയോടെ ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെ, ഒരുകാലത്ത് ആഘോഷമാക്കിയ താരദമ്പതികൾ വീണ്ടും ഒന്നിക്കുകയാണോ എന്നും ആരാധകർ ചോദിച്ചു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

