നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിന് കൂടി വേണ്ടിയാണ് വിചാരണ നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്ന് ദിലീപ് സുപ്രീംകോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നിർണായക നീക്കം.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. അദ്ദേഹം വിചാരണ ഒഴിവാക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സർക്കാറിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സർക്കാറിന്റെ ആവശ്യം ഹൈകോടതി നിരസിക്കുകയായിരുന്നു.

