'സുരേഷ് കുമാർ സ്വന്തം മകളെ കേരള സ്റ്റോറി കാണിച്ചില്ലേ'; കീർത്തിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം
text_fieldsനടി കീർത്തി സുരേഷിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം. വ്യവസായി ഫർഹാൻ ബിൻ ലിഖായത്തുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉയർന്നത്. ഫർഹാനോടൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കീർത്തി പങ്കുവെച്ചതോടെയാണ് പ്രണയ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.
വിവാദ ചിത്രം ദ് കേരള സ്റ്റോറിയെ പിന്തുണച്ച് കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ രംഗത്ത് എത്തിയിരുന്നു. 'ഇവിടെ നിന്ന് എത്രയോ പേര്‍ ജിഹാദിന് സിറിയയില്‍ പോയതിനെ കുറിച്ച് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഇതിനെ എതിര്‍ത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. അവരെല്ലാവരും വന്ന് ചിത്രം കാണണം. നല്ല സിനിമയാണ്. കേരള സമൂഹം മുഴുവന്‍ ഇത് മനസിലാക്കണം. വളരെ നല്ല രീതിയില്‍ അത് ചിത്രീകരിച്ചിട്ടുണ്ട്' എന്നിങ്ങനെയാണ് ചിത്രം കണ്ടതിന് ശേഷം സുരേഷ് കുമാർ പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ സുരേഷ് കുമാറിന്റെ വാക്കുകൾ ചർച്ചയാകുമ്പോഴാണ് കീർത്തിയുടേയും സുഹൃത്തിന്റേയും ചിത്രം വൈറലാവുന്നത്. ഇതാണ് താരകുടുംബത്തിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് തുടക്കം.
സുരേഷ് കുമാർ സ്വന്തം മകളെ കേരള സ്റ്റോറി കാണിച്ചില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. കേരള സ്റ്റോറി എല്ലാവരും കാണണമെന്ന് പറഞ്ഞ സുരേഷ് കുമാറിന്റെയും മേനകയുടെയും വീട്ടിലും കേരള സ്റ്റോറി ആണോ ഓടുന്നത് എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയുടെ സ്ക്രീൻഷോട്ടിനൊപ്പമാണ് ട്രോളുകൾ പ്രചരിക്കുന്നത്.
എന്നാൽ പ്രണയവാർത്ത വലിയ ചർച്ചയായതോടെ വിഷയത്തിൽ പ്രതികരിച്ച് കീർത്തി സുരേഷ് രംഗത്ത് എത്തിയിരുന്നു. തന്റെ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ പറയാമെന്നും തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു കീർത്തി പറഞ്ഞത്.

