'കുടുംബ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കരുത്'; 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ സഹോദരന് പങ്കെന്ന് വിഷ്ണു മഞ്ചു
text_fields'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ തന്‍റെ സഹോദരനും നടനുമായ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് തെലുങ്ക് നടൻ വിഷ്ണു മഞ്ചു ആരോപിച്ചു. ഹാർഡ് ഡിസ്ക് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന രഘുവും ചരിതയും മനോജിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്ന് വിഷ്ണു അവകാശപ്പെട്ടു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ആഴ്ച മുമ്പാണ് സംഭവം നടന്നതെന്നും എന്നാൽ മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിഷ്ണു മഞ്ചുവും 'കണ്ണപ്പ'യിലെ മറ്റ് അഭിനേതാക്കളും സിനിമയുടെ പ്രചാരണത്തിനായി ചെന്നൈയിലെത്തിയിരുന്നു. മാധ്യമങ്ങളുമായുള്ള സംവാദത്തിനിടെ, 'കണ്ണപ്പ' ഹാർഡ് ഡിസ്ക് പ്രശ്നത്തെക്കുറിച്ച് ചോദ്യം ഉയർന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ സമ്മതിച്ചെങ്കിലും തന്റെ കുടുംബ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് വിഷ്ണു മാധ്യമങ്ങളോട് അഭ്യർഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഇത്തരം പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് വി.എഫ്.എക്സ് ജോലികൾ നടക്കുന്നതെന്നും മുംബൈയിൽ നിന്ന് വി.എഫ്.എക്സുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് അയച്ചപ്പോൾ, അത് തന്റെ പിതാവ് മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. അതൊരു പതിവ് രീതിയാണെന്നും മൂന്ന് സഹോദരങ്ങളുടെയും എല്ലാ പാക്കേജുകളും അവിടെ എത്തുകയും മാനേജർമാർ അത് ശേഖരിക്കുകയുമാണ് പതിവെന്ന് വിഷ്ണു വ്യക്തമാക്കി. അതുപോലെ തന്നെ ഹാർഡ് ഡിസ്ക് പിതാവിന്‍റെ വസതിയിൽ എത്തി. അത് രഘുവിനും ചരിതക്കും കൈമാറി, അന്നുമുതൽ അവ കാണാനില്ല എന്ന് അദ്ദേഹം വിശദീകരിച്ചു.
മനോജിനുവേണ്ടിയാണ് അവർ ഇരുവരും ജോലി ചെയ്തിരുന്നതെന്ന് വിഷ്ണു ആരോപിച്ചു. 'സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും കൽപ്പനകൾ പാലിച്ചതാണോ എന്ന് അറിയില്ലെന്നും ഹാർഡ് ഡിസ്ക് പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 99 ശതമാനം കേസുകളിലും പാസ്‌വേഡ് തകർക്കാൻ കഴിയില്ല. അവർക്ക് ദൃശ്യങ്ങൾ ചോർത്താൻ കഴിഞ്ഞാലും, ചോർന്ന ദൃശ്യങ്ങൾ കാണരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നതായി വിഷ്ണു പറഞ്ഞു. സിനിമക്കായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

