ഇവരാണ് നുമ്മ പറഞ്ഞ നടന്മാർ; 'ബസ്റ്റ് ആക്ടർ' ചിത്രത്തിൽ പ്രധാന വേഷം ചെയ്ത അഞ്ചുപേരും ബസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചവർ, ചർച്ചയായി ഡയറക്ടർ ബ്രില്ല്യൻസ്
text_fieldsമാർട്ടിൻ പ്രക്കാട്ട് തിരക്കഥയും സംവിധാനവും നിർവഹിച്ച് 2010ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് 'ബെസ്റ്റ് ആക്‌ടർ'. പ്രക്കാട്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടെയാണ് ഇത്. ബിഗ് സ്ക്രീനിന്‍റെ ബാനറിൽ നൗഷാദാണ് ചിത്രം നിർമിച്ചത്. സിനിമാ നടനാകാൻ സ്വപ്നം കാണുന്ന ഒരു സ്കൂൾ അദ്ധ്യാപകന്‍റെ ജീവിത മുഹൂർത്തങ്ങളാണ് സിനിമ. പ്രൈമറി സ്കൂൾ അദ്ധ്യാപകനായ മോഹൻ എന്ന ചെറുപ്പക്കാരന്റെ സിനിമാ അഭിനയ മോഹവും അതിനുള്ള പരിശ്രമവുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. മമ്മൂട്ടി, ലാൽ, സലിം കുമാർ, നെടുമുടി വേണു, വിനായകൻ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ പേരിന് സമാനമായി ഇവർ അഞ്ചു പേരും 'ബെസ്റ്റ് ആക്ടർ’ പുരസ്കാരം സ്വന്തമാക്കിയവരാണ് എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ കൗതുകമുയർത്തുന്നത്.
'ബെസ്റ്റ് ആക്ടർ' റിലീസ് ആവുന്നതിന് മുൻപും, അതിന് ശേഷവും നിരവധി തവണ മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം ഇറങ്ങുന്നതിന് ഒരു വർഷം മുൻപ് 2009ൽ ലാൽ 'അയാൾ' എന്ന ചിത്രത്തിനു വേണ്ടി മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയിരുന്നു. അതുപോലെ, കൂട്ടത്തിൽ ഏറ്റവും സീനിയറായ നെടുമുടി വേണു, 1981, 1987, 2003 എന്നീ മൂന്ന് വർഷവും മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. സലീം കുമാർ 2010ൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. കൂട്ടത്തിൽ വിനായകൻ മാത്രമായിരുന്നു 'ബെസ്റ്റ് ആക്ടർ' നേടാതിരുന്ന നടൻ. എന്നാൽ തൊട്ടടുത്ത വർഷം കമ്മട്ടിപാടത്തിലെ പ്രകടനത്തിന് വിനായകനേയും തേടി ആ പുരസ്‌കാരമെത്തി. വിനായകന്‍റേതായ് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. ഈ ചിത്രത്തിന് വേണ്ടി നൽകിയ അഭിമുഖത്തിൽ വിനായകൻ തന്നെയാണ് കൗതുകമുയർത്തുന്ന കാര്യം പറഞ്ഞത്. ഇത് അവിചാരിതമായി സംഭവിച്ചതാണോ അതോ ഡയറക്ടർ ബ്രില്ല്യൻസ് ആണോ എന്ന സംശയമാണ് ആരാധകർ പങ്കുവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

