സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് തട്ടിയെടുത്തത് 42 ലക്ഷം; താരത്തിന്റെ വീട്ടുജോലിക്കാർ അറസ്റ്റിൽ
text_fieldsസൂര്യ
നടൻ സൂര്യയുടെ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥനായ (പി.എസ്.ഒ) ആന്റണി ജോർജ് പ്രഭുവിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. താരത്തിന്‍റെ തന്നെ വീട്ടു ജോലിക്കാരിയാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തി. അന്വേഷണത്തിനു പിന്നാലെ വലിയ തട്ടിപ്പു പരമ്പര തന്നെയാണ് ചുരുളഴിഞ്ഞത്. ഇത്ര വലിയ ക്രിമിനലുകളെയാണോ താരം വിശ്വസിച്ച് വീട്ടിൽ നിർത്തിയിരുന്നതെന്ന് ആരാധകർ പ്രതികരിച്ചു. സൂര്യയുടെ വീട്ടുജോലിക്കാരിയായ സുലോചനയും കുടുംബവും ചേർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയത്. സൂര്യയുടെതന്നെ ഒന്നിലധികം ജീവനക്കാർ ഈ തട്ടിപ്പിന്‍റെ പിന്നിലുണ്ടെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയായ സുലോചനയും മകനും ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം നേടുന്നതിനായി, തുടക്കത്തിൽ കൈമാറിയ ഒരു ലക്ഷം രൂപയ്ക്ക് പകരമായി അവർ 30 ഗ്രാം സ്വർണം തിരികെ നൽകി. ഇത് വീണ്ടും പണം നിക്ഷേപിക്കാൻ പ്രേരണയായി. അവസാനം വലിയൊരു തുക കൈമാറി ആന്റണി ജോർജ് കബളിപ്പിക്കപ്പെടുകയായിരുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആന്റണി ജോർജ് 42 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറയുന്നു.
മാർച്ചിൽ ഉദ്യോഗസ്ഥൻ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെ സുലോചനയും കുടുംബവും ഒളിവിൽ പോയി. ഇവർ ചെന്നൈയിലുടനീളം മറ്റു പലരെയും കബളിപ്പിച്ച് രണ്ടുകോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞശേഷം സുലോചനയെയും തട്ടിപ്പുമായി ബന്ധമുള്ള മറ്റു ജീവനക്കാരെയും സൂര്യ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സൂര്യയുടെ മറ്റു ജോലിക്കാരായ ബാലാജി, ഭാസ്കർ, വിജയലക്ഷ്മി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുക്കളായ ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചെന്നൈയിലുടനീളം നടന്ന സാമ്പത്തിക തട്ടിപ്പിൽ ഇവർ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

