'എഴുത്തോല'യുമായി നടൻ ശങ്കർ വീണ്ടും നിർമ്മാണരംഗത്തേക്ക്
text_fieldsകൊച്ചി: 36 വർഷത്തെ ഇടവേളക്കുശേഷം പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല'. ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയുടെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. അഭിനയ ജീവിതം 42 വർഷത്തിലേക്ക് എത്തുമ്പോഴാണ് ശങ്കർ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്.
1986ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ. ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
'വിദ്യാഭ്യാസ രീതിയെപ്പറ്റിയും മാറുന്ന പാഠ്യരീതിയെപ്പറ്റിയുമാണ് 'എഴുത്തോല'യിൽ പറയുന്നത്. ഇനി അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തും സജീവമായുണ്ടാകും. സിനിമയോടൊപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിക്കാൻ ഉദ്ദേശ്യമുണ്ട്' -ശങ്കർ പറഞ്ഞു. ശങ്കർ പണിക്കർ എന്ന പേരിൽ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ 'ഭ്രമം' എന്ന ചിത്രത്തിലാണ് ശങ്കർ ഈയിടെ അഭിനയച്ചത്.
'എഴുത്തോല'യുടെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍, സംഗീതം-പ്രശാന്ത് കര്‍മ്മ, വരികള്‍-ബിലു പത്മിനി നാരായണന്‍, കലാസംവിധാനം-സതീഷ് നെല്ലായ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ് പാലമറ്റം, പ്രോജക്ട് ഡിസൈനര്‍-എം.ജെ. ഷൈജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപു എസ്. വിജയന്‍, ഡിസൈന്‍- ഷിബിന്‍ സി ബാബു, പി.ആർ.ഒ-എ.എസ്. ദിനേശ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.