നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും
text_fieldsരവീന്ദ്രൻ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ. രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ് കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.
ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രവീന്ദ്രന് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്. തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം പൂർത്തിയാക്കി. 1980 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗ’ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. ചിത്രം വലിയ ജനപ്രീതി നേടിയതോടെ രവീന്ദ്രനും ശ്രദ്ധേയനായ താരമായി മാറി.
തുടർന്ന് തമിഴിലും മലയാളത്തിലുമായി സജീവമായ അദ്ദേഹം അന്നത്തെ രജനികാന്ത്-കമൽഹാസൻ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി. സകലകലാ വല്ലവൻ, രാം ലക്ഷ്മൺ, രംഗ, പൊക്കിരി രാജ, തങ്കമകൻ, പെർ സൊല്ലും പിള്ളൈ തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. മലയാളത്തിൽ അശ്വരഥം, ഈ നാട്, ജോൺ ജാഫർ ജനാർദ്ദനൻ, ഇന്നലെ ഇന്നെങ്കിൽ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

