'പത്താൻ' വിവാദത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്; രാഷ്ട്രീയ അഭിപ്രായങ്ങൾ പേടിച്ച് സിനിമ ഒഴിവാക്കാൻ കഴിയില്ല
text_fieldsദുബൈ: സിനിമ ഇറങ്ങിയ ശേഷമുണ്ടാകുന്ന എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാൻ ചിത്രം 'പത്താനു'മായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ചിത്രമായ 'കാപ്പ'യുമായി ബന്ധപ്പെട്ട് ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ഓരോ സംഘടനകൾക്കും വ്യക്തികൾക്കും അവരുടേതായ ആശയങ്ങളുണ്ടാവും. ഒരാളുടെ ആശയം മറ്റേയാൾക്ക് ശരിയാവണമെന്നില്ല. ചില ആശയങ്ങൾ ഒരു കൂട്ടർ എതിർക്കുമ്പോൾ മറ്റൊരു കൂട്ടർ അതിന്റെ ഗുണഭോക്താക്കളായി അത് ഏറ്റെടുക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ കഴിയില്ല. കുരുതി പോലുള്ള സിനിമ ചെയ്യുമ്പോൾ അത്തരം എതിർപ്പുകൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷെ, ആ സിനിമയിൽ അഭിനയിച്ചവർക്കോ സംവിധായകനോ നിർമാതാവിനൊ അങ്ങിനെയൊരു ദുരുദ്ദേശമില്ലെങ്കിൽ ആ സിനിമ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഇന്നത്തെ കാലത്ത് ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോഗിക്കേണ്ടി വരും.
ഏത് രീതിയിലാണ് വ്യാഖ്യാനിക്കപെടുക എന്ന് പറയാൻ കഴിയില്ല. കടുവയിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. പക്ഷെ, ഷൂട്ടിങിന്റെ സമയത്ത് ആ ഡയലോഗ് പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് തോന്നിയിരുന്നില്ല. അങ്ങിനെ തോന്നാതിരുന്നതിനാണ് ക്ഷമ പറഞ്ഞത്. കാപ്പ ഒരു രാഷ്ട്രീയ സിനിമയല്ല. കാപ്പ പട്ടികയിൽ ഉൾപെട്ട ചിലരുടെ കഥയാണിത്. തിരുവനന്തപുരമാണ് പശ്ചാത്തലമെങ്കിലും മനപൂർവം തിരുവനന്തപുരം ഭാഷ ഉൾപെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയുടെ അന്ത്യം കുറിക്കുമെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന സമയത്ത് ചില ഡയലോഗുകൾ പറയുമ്പോൾ എങ്ങിനെ സമൂഹത്തെ ബാധിക്കും എന്ന് ആലോചിക്കാറുണ്ട്. സംവിധായകനോട് ഇക്കാര്യം സൂചിപ്പിക്കാറുണ്ട്. നമ്മളെ തൃപ്തിപ്പെടുത്തുന്ന മറുപടികൾ അവരിൽ നിന്ന് ലഭിക്കാറുണ്ട്. ഒ.ടി.ടിക്കും തീയറ്ററിനും വേണ്ടി രണ്ട് രീതിയിലാണ് സിനിമ ചെയ്യുന്നത്. ഒ.ടി.ടി ഇല്ലായിരുന്നില്ലെങ്കിൽ ജോജി പോലൊരു സിനിമ ഉണ്ടാവില്ലായിരുന്നുവെന്നും ദിലീഷ് പറഞ്ഞു. നടിമാരായ അപർണ ബാലമുരളി, അന്നബെൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.