സുദീപിന്റെ തീരുമാനം ഞെട്ടലുണ്ടാക്കി; ബി.ജെ.പിക്ക് പിന്തുണയറിയിച്ച കിച്ച സുദീപിനെതിരെ നടൻ പ്രകാശ് രാജ്
text_fieldsകർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണയറിയിച്ച കന്നട സിനിമാ താരം കിച്ച സുദീപിനെതിരെ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രതികരണം വേദനിപ്പിച്ചെന്നും ഞെട്ടലുണ്ടാക്കിയെന്നും പ്രകാശ് രാജ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
"കർണാടകയിൽ തോൽക്കുമെന്ന ബി.ജെ.പിയുടെ ഭയത്തിൽ നിന്നുയർന്ന വ്യാജ വാർത്തയായാണ് ഞാനിതിനെ വിശ്വസിക്കുന്നത്. ഇത്തരം കളികളിൽ വീഴാതിരിക്കാൻ വിവേകമുള്ള ആളാണ് സുദീപ്" പ്രകാശ് രാജ് പറഞ്ഞു. ബി.ജെ.പി സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധ സ്വരം ഉയർത്താറുള്ള നടനാണ് പ്രകാശ് രാജ്.
മേയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കിച്ച സുദീപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഏറെ ബഹുമാനിക്കുന്നുവെന്നും തന്റെ ഗോഡ് ഫാദർ ആണ് അദ്ദേഹമെന്നും സുദീപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുകളിൽ പങ്കെടുക്കുമെന്നും എന്നാൽ മത്സരിക്കാനില്ലെന്നുമാണ് താരത്തിന്റെ നിലപാട്.

