‘എന്‍റെ ഇച്ചാക്കക്ക് പ്രത്യേക സ്നേഹം...’; സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവരെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സമൂഹമാധ്യങ്ങളിലൂടെയാണ് നടൻ അഭിനന്ദനം അറിയിച്ചത്.
മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ, സംവിധായകൻ ചിദംബരം, ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെ പ്രത്യേകം പേരെടുത്ത് പറയുന്നുണ്ട്. എന്‍റെ ഇച്ചാക്കക്ക് പ്രത്യേക സ്നേഹം എന്ന് പറഞ്ഞാണ് മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച നടനുള്ള പുരസ്കാരം നേടിയ എന്‍റെ ഇച്ചാക്കക്ക് പ്രത്യേക സ്നേഹം, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസക്കും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ.
മികച്ച സിനിമക്കുള്ള പുരസ്കാരം നേടിയ ‘മഞ്ഞുമ്മൽ ബോയ്സിന്’ വലിയ കൈയടി. ഈ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ’ -മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.
സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായി.
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 2024ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്ക്രീനിങ് പൂര്‍ത്തിയാക്കിയത്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

