ഹിന്ദി സീരിയൽ താരം കരൺ മെഹ്റ അറസ്റ്റിൽ; ഗാർഹിക പീഡനമെന്ന് ഭാര്യയും നടിയുമായ നിഷ റാവലിന്‍റെ പരാതി
text_fieldsമുംബൈ: ഭാര്യയുടെ പരാതിയിൽ സീരിയൽ താരം കരൺ മെഹ്റ അറസ്റ്റിൽ. നടി കൂടിയായ ഭാര്യ നിഷ റാവൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് ഇരുവരും തമ്മിൽ കലഹമുണ്ടായതിന് പിന്നാലെയാണ് നിഷ റാവൽ പരാതി നൽകിയത്. ഹിന്ദി സീരിയൽ മേഖലയിൽ ഏറെ പ്രശസ്തരായ ദമ്പതികളാണ് ഇവർ.
'യേ റിഷ്താ ക്യാ കെഹ്ലാതാ ഹെ' സീരിയലിലൂടെയാണ് കരൺ മെഹ്റ ഏറെ ശ്രദ്ധേയനായത്. നിഷയും നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും റിയാലിറ്റി ഷോകളിൽ ഇവർ ഒരുമിച്ച് പങ്കെടുത്തിട്ടുമുണ്ട്. 2012ലാണ് ഇരുവരും വിവാഹിതരായത്. നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
തനിക്കെതിരെ ഗാർഹിക പീഡനമാണ് നടക്കുന്നതെന്നും വർഷങ്ങളായി താൻ സഹിക്കുകയാണെന്നും നിഷ റാവൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കരണിന് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞിന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ലെന്നും തന്‍റെ കൈയിൽ തെളിവുകളുണ്ടെന്നും നിഷ പറയുന്നു. എന്നാൽ, ഇരുവർക്കുമിടയിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹം നിഷ റാവൽ മുമ്പ് നിഷേധിച്ചിരുന്നു.
അതേസമയം, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നിഷ റാവലിനെതിരെ ആരോപണവുമായി കരണും രംഗത്തെത്തി. നിഷ തല സ്വയം ചുവരിലിടിച്ച് പരിക്കേൽപ്പിച്ചുവെന്നും അത് താൻ ചെയ്തതായി വരുത്തിയതായും കരൺ പറയുന്നു. ഏതാനും വർഷമായി തങ്ങൾ നല്ലനിലയിലല്ല പോയിക്കൊണ്ടിരുന്നത്. പിരിയാൻ തീരുമാനിച്ചതാണ്. നഷ്ടപരിഹാരമായി വലിയ തുകയാണ് നിഷയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്നും കരൺ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നും നിഷ സ്വയം പരിക്കേൽപ്പിക്കുകയായിരുന്നെന്നും കരൺ പറയുന്നു.

