സഹോദരിയുടെ വിവാഹം നടത്തിയത് ജൂഡിന്റെ പണം തിരിച്ചു നൽകിയ ശേഷം; ആരോപണങ്ങൾ വേദനിപ്പിച്ചു -പെപ്പെ
text_fieldsകൊച്ചി: അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ നിർമാതാവിനെ പറ്റിച്ചുവെന്ന സംവിധായകന്‍ ജൂഡ് ആന്തണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പെപ്പെ എന്നറിയപ്പെടുന്ന നടന്‍ ആന്‍റണി വര്‍ഗീസ്. ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തെളിവുകളുമായാണ് പെപ്പെ എത്തിയത്.
എന്നെ കുറിച്ച് എന്തും പറഞ്ഞോട്ടെ. എന്‍റെ ഭാഗത്ത് ന്യായമുണ്ടായിരുന്നതു കൊണ്ടാണ് മിണ്ടാതിരുന്നത്. കുടുംബത്തെ വരെ സൈബർ ഇടങ്ങളിൽ വേട്ടയാടി. ഭാര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ മോശം പ്രതികരണങ്ങളുണ്ടായി. ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം. 2020 ജനുവരി 27ന് പണം തിരിച്ചു നൽകി. പണം തിരിച്ചു നൽകി ഒമ്പത് മാസം കഴിഞ്ഞാണ് കല്യാണ ആലോചന വന്നത്. ഈ വിഷയം മൂന്ന് വർഷം മുമ്പ് ചർച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്‍റണി പറഞ്ഞു.
ജൂഡിനെതിരെ തന്‍റെ അമ്മ പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ അറിയിച്ചു. പിന്‍മാറിയെന്ന് പറഞ്ഞ സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത് ജൂഡിന് അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാൻ കഴിയില്ല. അത് തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ജൂഡ് ആന്‍റണി നടത്തിയത് വ്യക്തിഹത്യയാണെന്നും പെപ്പെ ആരോപിച്ചു. ആർ.ഡി.എക്സ് സംവിധായകന്‍ നഹാസിനെക്കുറിച്ച് ജൂഡ് പറഞ്ഞത് ശരിയായില്ലെന്നും ഒരു സംവിധായകനും ഒരു സംവിധായകനെയും അങ്ങനെ പറയാൻ പാടില്ലെന്നും ആന്‍റണി കുറ്റപ്പെടുത്തി. വളർന്ന് വരുന്ന ഒരു സംവിധായകനെ തകർത്തു കളയുന്നതാണ് ഈ നിലയിലുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജൂഡിന്‍റെ വലിയ ആരാധകനാണെന്നും 2018 നല്ല സിനിമയാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. സിനിമ വിജയിച്ചപ്പോൾ ആ വിജയം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുകയാണ്. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടൻ ഇല്ലെങ്കിൽ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണത്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല.’’– ആന്റണി വര്‍ഗീസ് പറഞ്ഞു.
2018 ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് പെപ്പെയ്ക്ക് എതിരെ രംഗത്തുവന്നത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്‍റണി തന്‍റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. പെപ്പെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജൂഡ് ഉന്നയിച്ചത്. വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ''ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്‍റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. എന്നാണ് ജൂഡ് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.