ജയിലർ 2 ചിത്രീകരണത്തിനിടെ അപകടം; അണിയറപ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു
text_fieldsരജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലർ 2വിന്‍റെ സെറ്റിൽ അപകടം. സിനിമ ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലുള്ള സ്വകാര്യ ഫിലിം സ്റ്റുഡിയോയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ ആർട്ട് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്ന കാർത്തികേയനാണ് മരിച്ചത്. 28 വയസ്സായിരുന്നു പ്രായം.
ചിത്രീകരണത്തിനായി വീടിന്റെ സെറ്റ് നിർമിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് കാർത്തികേയന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാനത്തൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധ മൂലമാണോ അതോ മറ്റ് സാങ്കേതിക തകരാറുകൾ കാരണമാണോ വൈദ്യുതി ചോർച്ച ഉണ്ടായതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല.
സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് ഏപ്രിൽ 21-ന് അറിയിച്ചിരുന്നു. രജനീകാന്തും സംവിധായകൻ നെൽസൺ ദിലീപ്കുമാറും ചേർന്ന് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും അന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചില പാച്ച് വർക്കുകൾക്കായി ചിത്രീകരണം തുടരുന്നതിനിടയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് അന്നേ ദിവസത്തെ ചിത്രീകരണം നിർത്തിവെച്ചു. റിലീസ് തിയതി നീട്ടിവെക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

